പാലക്കാട്: ജിഷ്ണു പ്രണോയിയുടെ മരണത്തിലൂടെ കുപ്രസിദ്ധി നേടിയ നെഹ്റു ഗ്രൂപ്പ് കോളേജിന് എതിരായ കേസ് ഒത്തു തീർക്കാൻ കോൺഗ്രസ് നേതാവ് കെ.സുധാകരൻ ഇടപെട്ടു. നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിന്റെ സഹോദരനുമായി ചെർപ്പുളശ്ശേരിയിൽ വച്ച് കെ. സുധാകരൻ കൂടികാഴ്ച നടത്തി. കൃഷ്ണദാസിന് എതിരായ ഷക്കീർ ഷൗക്കത്തലി എന്ന വിദ്യാർഥി നൽകിയ കേസ് ഒത്തു തീർക്കാനുള്ള ശ്രമമാണ് കെ. സുധാകരൻ നടത്തിയത് എന്ന് കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. ഷക്കീർ ഷൗക്കത്തലിയുടെ ബന്ധുക്കളും ഈ രഹസ്യ കൂടികാഴ്ചയിൽ ഉണ്ടായിരുന്നു.

കേസ് പിൻവലിക്കാൻ വേണ്ടിത്തന്നെയാണ് താൻ ഇടപെട്ടത് എന്ന് കെ. സുധാകരൻ സ്ഥിഥീകരിച്ചു. ഷക്കീർ ഷൗക്കത്തലിയുടെ കേസ് ഒത്തു തീർപ്പാക്കാനുള്ള ചർച്ചകളാണ് ഇവിടെ നടന്നത് എന്ന് സുധാകരൻ പറഞ്ഞു. ജിഷ്ണു പ്രണോയ് കേസുമായി ബന്ധപ്പെട്ട യാതൊരു വിധ ചർച്ചകളും നടന്നിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു.

സംഭവമറിഞ്ഞ് എത്തിയെ ഡിവൈഎഫ്ഐ പ്രവർത്തകർ കെ.സുധാകരനെ തടഞ്ഞു വച്ചു. എന്നാൽ പൊലീസ് എത്തി പ്രവർത്തകരെ നീക്കിയാണ് സുധാകരൻ വീട്ടിൽ നിന്ന് പുറത്തിറക്കിയത്. പൊലീസ് അകമ്പടിയോടെയാണ് സുധാകരൻ ചർച്ച നടത്തിയ വീട്ടിൽ നിന്ന് പോയത്. നെഹ്രു ഗ്രൂപ്പിന് എതിരായ കേസ് അട്ടിമറിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചു എന്ന വാർത്ത കോൺഗ്രസിനെ പ്രതിരോധത്തിലാക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ