തിരുവനന്തപുരം: ഇടതുപക്ഷത്തിനെതിരെ വിമർശനവും പരിഹാസവുമായി മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.ബാബു. പ്രതിയുടെ മൊഴി പ്രതിപക്ഷത്തിന് വേദവാക്യമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ സർക്കാരിന്റെ കാലം ഓർമിപ്പിച്ചുകൊണ്ടുള്ള കെ.ബാബുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. കൊടുത്താല്‍ കൊല്ലത്തും കൂലി വരമ്പത്തും കിട്ടുമെന്ന് കെ.ബാബു പറഞ്ഞു.

Read More: ‘വെള്ളാപ്പള്ളിക്ക് മുസ്‌ലിം പേരിനോട് ഓക്കാനമോ’; ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാല വി.സി നിയമനത്തില്‍ മുസ്‌ലിം ലീഗ്

പിതൃതുല്യൻ എന്നും അച്ഛന്റെ പ്രായമുള്ള ആളാണെന്നും പറഞ്ഞ വിവാദ സ്ത്രീയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്നത്തെ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ഇടതുപക്ഷവും പിണറായിയും നീചമായ പ്രചരണവും സമരവും നടത്തിയത് മറക്കാനും പൊറുക്കാനും സമയമായിട്ടില്ലെന്ന് കെ.ബാബു പറഞ്ഞു.

കെ.ബാബുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

പ്രതിയുടെ മൊഴി പ്രതിപക്ഷത്തിന് വേദവാക്യമാണെന്നും മൊഴി അടിസ്ഥാനമാക്കി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് ഒരു രാഷ്ട്രീയ പാർട്ടിയും സ്വീകരിക്കുവാൻ ധൈര്യപ്പെടാത്ത രീതിയാണെന്നുമുള്ള ശ്രീ കോടിയേരി ബാലകൃഷ്ണന്റെ നിലപാട് പുച്ഛിച്ചു തള്ളാൻ തോന്നുന്നു.

പിതൃതുല്യൻ എന്നും അച്ഛന്റെ പ്രായമുള്ള ആളാണെന്നും പറഞ്ഞ വിവാദ സ്ത്രീയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്നത്തെ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ഇടതുപക്ഷവും പിണറായിയും നീചമായ പ്രചരണവും സമരവും നടത്തിയത് മറക്കാനും പൊറുക്കാനും സമയമായിട്ടില്ല. ശ്രീ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വീണ്ടും വന്നാൽ തങ്ങളുടെ ബാറുകൾ തുറക്കാൻ സാധിക്കില്ല എന്നുള്ള ഭയപ്പാടിന്റെ അടിസ്ഥാനത്തിൽ ചില ബാർ ഉടമകൾ ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിൽ വരാതിരിക്കാൻ വേണ്ടി വലിയൊരു തുക ഈ വിവാദ സ്ത്രീക്ക് കൊടുക്കുകയും നുണ പറയാൻ അവരെ പരിശീലിപ്പിക്കുകയും ചെയ്തതുകൊണ്ടാണ് ശ്രീ ഉമ്മൻചാണ്ടിക്കെതിരെ അസത്യം പറയിപ്പിച്ചത്.

ഇപ്പോൾ സ്വർണക്കടത്തുകാരി പറയുന്നു 2017ൽ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിൽ യുഎഇ കോൺസൽ ജനറലിനോട് ഒപ്പം അവരും ഉണ്ടായിരുന്നു എന്നും തുടർന്ന് കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കേരള സർക്കാരുമായുള്ള ആശയവിനിമയം ശിവശങ്കറിയിലൂടെ ആയിരിക്കുമെന്നും (point of contact) വിവാദ കള്ളക്കടത്തുകാരി വെളിപ്പെടുത്തിയിരിക്കുകയാണ്. എന്നുമാത്രമല്ല തനിക്ക് സ്പേസ് പാർക്കിൽ നിയമനം നൽകിയ കാര്യം മുഖ്യമന്ത്രിയുടെ അറിവോടു കൂടി ആണെന്നും അവർ വെളിപ്പെടുത്തിയിരിക്കുന്നു. പലപ്രാവശ്യം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എന്നും അവർ വെളിപ്പെടുത്തി.

വിവാദ സ്ത്രീയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് കേരളം മുഴുവൻ പ്രചരണം നടത്തുന്നതിനും പ്രക്ഷോഭണം നടത്തുന്നതിനും നേതൃത്വം കൊടുത്ത ഇന്നത്തെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, സ്വർണ്ണക്കടത്തുകാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പലപ്രാവശ്യം രാജിവെക്കേണ്ട സമയം കഴിഞ്ഞിരിക്കുകയാണ്.

ഇതാണ് കാവ്യനീതി. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നും കൂലി വരമ്പത്ത് കിട്ടുമെന്നും ഇപ്പോഴെങ്കിലും ഇടതുപക്ഷം തിരിച്ചറിയുന്നത് നല്ലതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.