കണ്ണൂര്‍: മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രദീപ് വട്ടിപ്രം സിപിഎമ്മില്‍ ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 29 ന് പ്രദീപ് വട്ടിപ്രം കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചിരുന്നു. കണ്ണൂരിലെ അഴീക്കോടന്‍ മന്ദിരത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സിപിഎമ്മില്‍ ചേര്‍ന്നതായി പ്രദീപ് വട്ടിപ്രം പ്രഖ്യാപിച്ചത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പ്രദീപിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ഷാള്‍ അണിയിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി, കെഎസ്‌യു ജില്ലാ ഭാരവാഹി എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ച പ്രദീപ് വട്ടിപ്രം 28 വര്‍ഷത്തോളമായി കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സജീവ സാന്നിധ്യമായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 29 ന് പാര്‍ട്ടിക്കുള്ളില്‍ തനിക്ക് ഊരുവിലക്കാണെന്ന് കാട്ടിയാണ് പ്രദീപ് രാജി സമര്‍പ്പിച്ചത്.

കെ.സുധാകരനെതിരെ രൂക്ഷ വിമർശനമുന്നയിച്ചായിരുന്നു അന്ന് രാജി സമർപ്പിച്ചത്.  ഡിസിസി ഓഫീസ് നിർമ്മാണത്തിൽ ലക്ഷങ്ങളുടെ അഴിമതിയുള്ളതായും പ്രദീപ് വട്ടിപ്രം ആരോപിച്ചിരുന്നു. കെ.സുധാകരൻ അഴിമതിക്ക് കൂട്ടു നിന്നെന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസില്‍ നിന്ന് രാജി വയ്ക്കുമ്പോള്‍ ഉന്നയിച്ച അതേ ആരോപണങ്ങള്‍ സിപിഎമ്മില്‍ ചേര്‍ന്ന ദിവസവും പ്രദീപ് വട്ടിപ്രം ആരോപിച്ചു. ഓഫീസ് നിര്‍മ്മാണം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയാകാതെ വന്നപ്പോള്‍ നിര്‍മ്മാണ കണക്കുകള്‍ സുതാര്യമാക്കണമെന്ന് പാര്‍ട്ടിയില്‍ താന്‍ ആവശ്യപ്പെട്ടിരുന്നതായി പ്രദീപ് വട്ടിപ്രം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൂത്തുപറമ്പ് തൊട്ടിലങ്ങാടി സ്‌കൂളിലെ ഭരണസമിതി കോണ്‍ഗ്രസും ബിജെപിയും പങ്കിട്ടെടുത്തു എന്നും വന്‍ അഴിമതി അതില്‍ നടന്നിട്ടുണ്ടെന്നും പ്രദീപ് ആരോപിച്ചു. കെ.സുധാകരനെതിരെയാണ് കൂടുതൽ ആരോപണങ്ങളും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.