കൊല്ലം: കോണ്‍ഗ്രസ് നേതാവും മുന്‍ എം എല്‍ എയുമായ ജി പ്രതാപവര്‍മ തമ്പാന് (63) അന്തരിച്ചു. വീട്ടില്‍ ശുചിമുറിയില്‍ കാല്‍വഴുതിവീണ് പരുക്കേറ്റതിനെത്തുടര്‍ന്നാണ് അന്ത്യം. ഉടന്‍ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.
വൈകീട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കുണ്ടറ പേരൂര്‍ സ്വദേശിയായ പ്രതാപവര്‍മ തമ്പാന് സ്വാതന്ത്ര്യസമരസേനാനി പരേതനായ കൃഷ്ണപിള്ളയുടെ മകനാണ്. ഭാര്യ: ദീപ.
ചാത്തന്നൂര്‍ മുന്‍ എം എല്‍ എയായ പ്രതാപവര്‍മ തമ്പാന് നിലവില്‍ കെ പി സി സി ജനറല്‍ സെക്രട്ടറിയാണ്. 2012-2014ല്‍ കൊല്ലം ഡി സി സി പ്രസിഡന്റായി പ്രവര്‍ത്തിച്ചു. കെ പി സി സി നിര്‍വാഹകസമിതി അംഗമായിരുന്നു.
കെ എസ് യു യൂണിറ്റ് പ്രസിഡന്റായായി രാഷ്ട്രീയപ്രവര്‍ത്തനമാരംഭിച്ച അദ്ദേഹം കെ എസ് യു ജനറല്‍ സെക്രട്ടറി, ട്രഷറര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, സംസ്ഥാന ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരള സര്‍വകലാശാല സെനറ്റ് അംഗം, ജില്ലാ ടൂറിസം പ്രമോഷന് സൊസൈറ്റി പ്രസിഡന്റ്, പേരൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ പദവികളും വഹിച്ചു.
പ്രതാപവര്‍മ തമ്പാന്റെ നിര്യാണത്തിൽ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയവർ അനുശോചിച്ചു.