കാസർകോട്: കെപിസിസി മുന്‍ ഉപാധ്യക്ഷന്‍ സി.കെ.ശ്രീധരന്‍ കോണ്‍ഗ്രസ് വിടുന്നു. 50 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് മുൻ ഡിസിസി പ്രസിഡന്റും ടി.പി.കേസ് പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന ശ്രീധരൻ പാർട്ടി വിടുന്നത്. കോൺഗ്രസ് നേതൃത്വത്തിന്റെ സമീപകാല നിലപാടുകളിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.
തെറ്റായ പാതയിലൂടെ തെറ്റായ നിലപാടുകൾ സ്വീകരിച്ചുകൊണ്ടുപോകുന്ന ഒരു രാഷ്ട്രീയ നേതൃത്വത്തിനോടൊപ്പം നിൽക്കാൻ സാധിക്കില്ലെന്നതിനാലാണ് രാഷ്ട്രീയമായ തീരുമാനമെടുത്തത്. പാർട്ടി വിടാൻ നിരവധി കാരണങ്ങളുണ്ട്. രാഷ്ട്രീയമാറ്റത്തിന്റെ വിശദാംശങ്ങളെല്ലാം നവംബർ 17ന് നടത്തുന്ന വാർത്തസമ്മേളനത്തിൽ അറിയിക്കും. അന്ന് രാജി പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപാധികളൊന്നുമില്ലാതെയാണു താന്‍ സിപിഎമ്മില്‍ ചേരുന്നത്. സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും കൂടുതൽ വിവരങ്ങൾ പാർട്ടി നേതൃത്വം വിശദീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ശനിയാഴ്ച കാഞ്ഞങ്ങാട്ട് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പങ്കെടുക്കുന്ന യോഗത്തില്‍ സി.കെ.ശ്രീധരന് ഔദ്യോഗിക സ്വീകരണം നൽകാനാണ് സിപിഎം തീരുമാനം.