ആലപ്പുഴ: കോൺഗ്രസ് പ്രാദേശിക നേതാവിനെ വീടുകയറി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയും ജീവപര്യന്തവും. വീടുകയറി നടത്തിയ കൊലപാതകത്തിൽ സിപിഎം മുൻ ലോക്കൽ സെക്രട്ടറിക്ക് വധശിക്ഷയും മറ്റ് അഞ്ച് പ്രതികൾക്ക് ജീവപര്യന്തം തടവും കോടതി വിധിച്ചു.

കോൺഗ്രസിന്റെ മുൻ വാർഡ് പ്രസിഡന്റ് നഗരസഭയിലെ മുപ്പത്തിരണ്ടാം വാർഡ് കൊച്ചുപറമ്പിൽ കെ.എസ്.ദിവാകരനെ (56) കൊലപ്പെടുത്തിയ കേസിൽ ആറാം പ്രതിയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആർ.ബൈബു.

സിപിഎമ്മിന്റെ മുൻ ലോക്കൽ സെക്രട്ടറിയായിരുന്നു ബൈജു. കേസിലെ മറ്റ് പ്രതികളായ വി.സുജിത്, എസ്.സതീഷ് കുമാർ, പി.പ്രവീൺ, എം.ബെന്നി, എൻ.സേതുകുമാർ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. ജില്ലാ അഡീഷണൽ സെൻസ് ജഡ്‌ജി കെ.അനിൽകുമാറാണ് ശിക്ഷ​ വിധിച്ചത്.

ഒമ്പത് വർഷം മുമ്പ് 2009 നവംബർ 29നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കയർ തടുക്ക് അടിച്ചേൽപ്പിക്കാനുളള ശ്രമം ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ ദിവാകരനെ ​ പ്രതികൾ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്.

കേരളത്തിൽ ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന 2009 കാലത്ത് നടപ്പാക്കിയ ‘വീട്ടിലൊരു കയർ ഉത്പന്നം’ എന്ന കയർ കോർപറേഷന്റെ പദ്ധതിയുടെ ഭാഗമായി കയർ തടുക്ക് വിൽക്കാൻ നേതൃത്വത്തിൽ എത്തിയവരിൽ നിന്നും കയർ തൊഴിലാളിയായിരുന്ന ദിവാകരൻ വിസമ്മതിച്ചു. സിപിഎമ്മിന്റെ ചേർത്തല വെസ്റ്റ് ലോക്കൽ സെക്രട്ടറിയും ചേർത്തല നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി അംഗവുമായിരുന്ന ആർ.ബൈജുവിന്റെ നേതൃത്വത്തിൽ എത്തിയവരിൽ നിന്നുമാണ് ദിവാകരൻ തടുക്ക് വാങ്ങാൻ തയ്യാറാകാതിരുന്നത്. തടുക്കിന്റെ വില കൂടുതലാണെന്ന കാരണം പറഞ്ഞാണ് ദിവാകരൻ അത് വാങ്ങാൻ വിസമ്മതിച്ചത്. എന്നാൽ തടുക്ക് കൊണ്ടുവന്നവർ തടുക്ക് വീട്ടിൽ വച്ച് പോയി.

സംഭവം നടന്ന ദിവസം തന്നെ നടന്ന വാർഡ് സഭയിൽ ദിവാകരന്റെ മകൻ ദിലീപ് വിഷയം ഉന്നയിക്കുകയും തർക്കങ്ങൾക്ക് ഇടയാവുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തിൽ രാത്രി വീടാക്രമിച്ചു എന്നായിരുന്നു പൊലീസ് കേസ്.

ദിവാകരനെയും അക്രമം തടയാൻ ശ്രമിച്ച ദിലീപിനെയും ഭാര്യ രശ്മിയെയും ആക്രമിച്ചു. ദിവാകരന്റെ തലയ്ക്കാണ് അടിയേറ്റത്. ചേർത്തല താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും ഇവർ ചികിത്സ തേടിയിരുന്നെങ്കിലും ഡിസംബർ ഒൻപതിന് ദിവാകരൻ മരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.