തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം റിസര്‍വ് ചെയ്തിരിക്കുന്ന നെഹ്‌റു കുടുംബത്തിലെ സ്ത്രീകള്‍ ഭാവിയില്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് അധ്യക്ഷനില്ലാത്ത അവസ്ഥയുണ്ടാകുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ്. കോടിയേരിയുടേത് സംസ്കാരശൂന്യമായ പ്രസ്താവനയാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ പറഞ്ഞു.

പദവിക്കോ രാഷ്ട്രീയ പാരമ്പര്യത്തിനോ നിരക്കാത്ത പരാമർശത്തിലൂടെ ചരിത്രബോധമില്ലാത്ത നേതാവാണെന്നാണ് കോടിയേരി തെളിയിക്കുന്നതെന്നും ഹസന്‍ പറഞ്ഞു. കോടിയേരിയെപ്പോലെ തരംതാഴാൻ ഒരുക്കമല്ലാത്തതിനാൽ അതേഭാഷയിൽ താൻ മറുപടിപറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്റെ തടവിലാണ് കോടിയേരിയെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു.

കോടിയേരിയുടെ പ്രസ്താവന രാഷ്ട്രീയ അന്തസിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതൃത്വത്തെ അപമാനിച്ച കോടിയേരിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അനില്‍ അക്കര എംഎല്‍എ വനിതാ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഇടവക്കോട് ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് കോടിയേരി വിവാദ പരാമര്‍ശം നടത്തിയത്. സോണിയ ഗാന്ധി അധ്യക്ഷയായ രണ്ടു ദശകത്തിന് ശേഷം കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ എതിരില്ലാതെ കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുത്തതിന് പിന്നാലെയാണ് കോടിയേരിയുടെ ആരോപണം. ഡിസംബര്‍ 16 ന് 11 മണിക്ക് എഐസിസി ആസ്ഥാനത്ത് സോണിയ ഗാന്ധി അധ്യക്ഷയാകുന്ന ചടങ്ങില്‍ പുതിയ പ്രസിഡന്റായി രാഹുൽ ഗാന്ധി സ്ഥാനമേല്‍ക്കും.

19 വര്‍ഷത്തിന് ശേഷം നടക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലെ തലമുറമാറ്റം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവര്‍ത്തകരും നേതാക്കളും. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചതോടെയാണ് രാഹുല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ