തൊടുപുഴ: മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം ഇപ്പോഴുളളത്.
നിരീക്ഷണത്തിനായാണ് ഉമ്മൻചാണ്ടിയെ ഐസിയുവിൽ പ്രവേശിപ്പിച്ചതെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം. ഇന്ന് ഉച്ചയ്ക്ക് കട്ടപ്പനയിൽ കോൺഗ്രസ് പാർട്ടിയുടെ പരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോഴായിരുന്നു ആരോഗ്യനില വഷളായത്.
ഇന്ന് രാവിലെയാണ് അദ്ദേഹം ഹൈദരാബാദിൽ നിന്നും കേരളത്തിലേക്ക് വന്നത്. രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ അദ്ദേഹം റോഡ് മാർഗമാണ് കട്ടപ്പനയിലേക്ക് വന്നത്. കാർ തൊടുപുഴയിലെത്തിയപ്പോഴാണ് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടനെ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.