കോട്ടയം: കേരളാ കോൺഗ്രസിലെ ജോസഫ് വിഭാഗവും ജോസ് വിഭാഗവും തമ്മിലുള്ള തർക്കത്തിൽ കർശന ഇടപെടലുമായി കോൺഗ്രസ്. പരസ്യ പ്രസ്താവനകൾക്ക് ജോസ് കെ.മാണി പക്ഷത്തിന് വിലക്കേർപ്പെടുത്തി. വിവാദത്തിൽ ചാനൽ ചർച്ചകളിൽ പങ്കെടുക്കരുതെന്ന് ജോസ് കെ.മാണിക്കും നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
പി.ജെ.ജോസഫിനെ പരിഹസിച്ച് പ്രതിച്ഛായയിൽ ലേഖനം എഴുതിയതിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ജോസ് കെ.മാണിയെ അതൃപ്തി അറിയിച്ചിരുന്നു. പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന നിലപാടിൽ പി.ജെ.ജോസഫിനെയും കോൺഗ്രസ് അമർഷം അറിയിച്ചിരുന്നു.
Read More: ഞങ്ങള്‍ വേറെ, നിങ്ങള്‍ വേറെ; പാലായില്‍ ഒന്നിച്ച് പ്രചാരണത്തിനില്ലെന്ന് ജോസഫ് വിഭാഗം
പാലായില്‍ യുഡിഎഫിനൊപ്പമുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം വ്യക്തമാക്കിയിരുന്നു. യുഡിഎഫ് കണ്‍വെന്‍ഷനില്‍ പി.ജെ.ജോസഫിനെ ജോസ് കെ.മാണി വിഭാഗം അപമാനിച്ച സാഹചര്യത്തിലായിരുന്നു തീരുമാനം.
Read More: പാല മധുരിക്കുമോ? ജോസ് ടോമിന് ചിഹ്നം ‘കൈതച്ചക്ക’
തെറിക്കൂട്ടത്തിനൊപ്പം പ്രചാരണത്തിനില്ലെന്ന് ജോസഫ് പക്ഷം നിലപാടെടുത്തു. പാലായില്‍ യുഡിഎഫ് കണ്‍വെന്‍ഷനിടെ പി.ജെ.ജോസഫ് പ്രസംഗിക്കുമ്പോള്‍ ജനക്കൂട്ടം കൂവിവിളിച്ച സംഭവത്തില്‍ ജോസഫ് വിഭാഗം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കണ്‍വെന്‍ഷനിടെ കൂവിവിളിച്ചത് ആസൂത്രിതമാണെന്നാണ് ജോസഫ് വിഭാഗം ആരോപിക്കുന്നത്.
കേരളാ കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തിനൊപ്പം പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ജോസഫ് വിഭാഗം പരസ്യമായി പറയുന്നു. സമാന്തരമായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമെന്നാണ് ജോസഫ് വിഭാഗം പറയുന്നത്. പ്രത്യേകം പ്രചാരണ പരിപാടിയുമായി മുന്നോട്ട് പോകാനാണ് ജോസഫ് വിഭാഗം നിലപാടെടുത്തിരിക്കുന്നത്.
യുഡിഎഫുമായി സഹകരിച്ച് മുന്നോട്ട് പോകാന്‍ തയ്യാറല്ലെന്നാണ് ജോസഫ് വിഭാഗം പറയുന്നത്. കണ്‍വെന്‍ഷനിടെ സംഭവിച്ചതും പാര്‍ട്ടി മുഖപത്രത്തില്‍ ജോസഫിനെതിരെ വിമര്‍ശനം ഉയര്‍ന്നതും ജോസഫ് വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുകയാണ്.