തിരുവനന്തപുരം: കെ പി സി സി അംഗങ്ങളുടെ പട്ടികയ്ക്ക് ഹൈക്കമാന്‍ഡിന്റെ അംഗീകാരം. 280 അംഗ പട്ടികയ്ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
കെ പി സി സി ആദ്യം അയച്ച പട്ടിക ഹൈക്കമാന്‍ഡ് തിരിച്ചയച്ചിരുന്നു. തുടര്‍ന്ന് കൂടുതല്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി പട്ടിക പുതുക്കി അയച്ചു. ഇത് ഹൈക്കമാന്‍ഡ് അതേപടി അംഗീകരിക്കുകയായിരുന്നു.
പരാതി ഉയര്‍ന്നതിനെത്തുടന്നാണ് ആദ്യ പട്ടിക ഹൈക്കമാന്‍ഡ് തള്ളിയത്. തുടര്‍ന്ന് കെ പി സി സി നേതൃത്വം ഗ്രൂപ്പുകള്‍ക്കിടയില്‍ ധാരണയുണ്ടാക്കിയാണു പരാതികള്‍ പരിഹരിച്ച് പട്ടിക പുതുക്കിയത്.
ഒരു ബ്ലോക്കില്‍ നിന്ന് ഒരാള്‍ എന്ന നിലയിലാണു പുതിയ പട്ടിക തയാറാക്കിയത്. യുവാക്കളും വനിതകളും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. എഴുപത്തഞ്ചോളം പുതുമുഖങ്ങള്‍ പട്ടിയകയിലുണ്ടെന്നാണു വിവരം.
പട്ടിക സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. പട്ടികയില്‍ ഉള്‍പ്പെട്ട 280 പേര്‍ക്കാണു കെ പി സി സി പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ വോട്ടവകാശമുണ്ടാവുക.
അതിനിടെ, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ കേരളത്തില്‍ പ്രവേശിക്കും. യാത്രയ്ക്ക് വന്‍ വരവേല്‍പ്പാണു കെ പി സി സി നേതൃത്വം ആവിഷ്‌കരിച്ചിരിക്കുന്നത്. യാത്ര ചരിത്ര സംഭവമായി മാറുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നതെന്നു കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.
എ കെ ജി സെന്റര്‍ ആക്രമണം: പറയുന്നതു സി പി എം പ്രവര്‍ത്തകര്‍ പോലും വിശ്വസിക്കാത്ത കള്ളം
സി പി എം പ്രവര്‍ത്തകര്‍ പോലും വിശ്വസിക്കാത്ത കള്ളമാണ് എ കെ ജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് പറയുന്നതെന്നു കെ സുധാകരന്‍. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുന്ന നയമാണു സി പി എമ്മിനുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എ കെ ജി സെന്ററിനു തൊട്ടടുത്ത് പെട്ടിക്കട നടത്തുന്ന സി പി എം അനുഭാവിയായിരുന്ന ഒരാള്‍ ദൃക്സാക്ഷിയാണെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ഒരു മുൻ കൗണ്‍സിലറുടെ പേരാണ് അന്ന് അയാള്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ മുൻ കൗണ്‍സിലറുമില്ല, പെട്ടിക്കടക്കാരനുമില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പിന്നിലെന്നാണ് ഇപ്പോള്‍ പറയുന്നത്.
ഇതൊരു വെള്ളരിക്കാപ്പട്ടണമെല്ലെന്നാണു സി പി എമ്മിനോടും ഇടതുസര്‍ക്കാരിനോടും പറയാനുള്ളത്. വെള്ളരിക്കാപ്പട്ടണം പോലെ പൊലീസിനെ കൊണ്ടുപോവാന്‍ ശ്രമിച്ചാല്‍ രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാവും.
എ കെ ജി സെന്റര്‍ ആക്രമിക്കപ്പെട്ട് രണ്ടു മാസം കഴിഞ്ഞിട്ടും പ്രതികളുടെ പേര് പറയാന്‍ പോലും സി പി എമ്മിനു കഴിഞ്ഞിട്ടില്ല. ജനങ്ങള്‍ വിഡ്ഡികളാണെന്നാണോ സി പി എം കരുതുന്നത്?
ഈ നാട്ടിലെ ജനങ്ങള്‍ക്കും സമൂഹത്തിനും വിദ്യാഭ്യാസവും സംസ്‌കാരവുമുണ്ട്. ഒരു കള്ളത്തരം ശരിയാക്കാന്‍ നിയമത്തെ കാറ്റില്‍പറത്തുന്ന ഭരണകൂടത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തങ്ങള്‍ക്കറിയാമെന്നും സുധാകരന്‍ പറഞ്ഞു.