കാസർഗോഡ്: പെരിയയിലെ ഇരട്ട കൊലപാതകത്തില്‍ കോണ്‍ഗ്രസ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. പൊലീസ് അന്വേഷണം നിഷ്‌പക്ഷമാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ പറഞ്ഞു. രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തതല്ലാതെ കേസില്‍ കാര്യമായ പുരോഗതിയില്ല. ഇതില്‍ ഇവരുടെ പങ്കും വ്യക്തമായിട്ടില്ല. അതുകൊണ്ട് തന്നെ കേസ് സിബിഐക്ക് വിടണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

സിപിഎമ്മിനെ കേന്ദ്രീകരിച്ച് തന്നെയാണ് പൊലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്. കണ്ണൂരില്‍ നിന്നുളള സംഘമാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്നാണ് നിഗമനം. കൊലപാതകം നടന്ന പ്രദേശത്ത് കണ്ണൂര്‍ റജിസ്ട്രേഷനിലുളള വാഹനം ഉണ്ടായിരുന്നതായി പൊലീസിന് മൊഴി ലഭിച്ചു. ഒരു ജീപ്പാണ് പ്രദേശത്ത് എത്തിയത്. ഇതിനെ കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കൂടാതെ പ്രദേശത്ത് നിന്നും ലഭിച്ച മൂന്ന് മൊബൈല്‍ ഫോണുകളും നിര്‍ണായകമാവും. പ്രതികളില്‍ ആരുടേതെങ്കിലും ആവാം ഈ ഫോണുകളെന്നാണ് വിലയിരുത്തല്‍.

അതേസമയം, ഇരുവരുടേയും വീട് ഇന്ന് ഉമ്മന്‍ചാണ്ടി സന്ദര്‍ശിക്കും. കസ്റ്റഡിയിലുള്ള രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. പ്രതികള്‍ ബെംഗളൂരുവിലേക്ക് കടന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസ് അന്വേഷണത്തിന് കര്‍ണാടക പൊലീസിന്റെയും സഹായം തേടിയിട്ടുണ്ട്. രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന എഫ്ഐആര്‍ സര്‍ക്കാരിനെയും പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കുന്നതാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിസന്ധി എങ്ങനെ നേരിടുമെന്ന ആശയ കുഴപ്പത്തിലാണ് സിപിഎം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.