കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ താരസംഘടനാ നേതാക്കളും ജനപ്രതിനിധികളുമായവർക്കെതിരെ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നു. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് എംപി, എംഎൽഎ മാരും നടന്മാരുമായ മുകേഷ്, ഗണേഷ്‌കുമാർ എന്നിവർക്കെതിരെയാണ് കോൺഗ്രസ് പ്രതിഷേധത്തിന് തീരുമാനിച്ചിരിക്കുന്നത്.

മൂവരുടെ വസതിക്ക് മുന്നിൽ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. അതത് ജില്ല കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മൂവരുടെയും വീടിന് മുന്നിൽ സമരം നടത്തും.

അമ്മയുടെ വാർഷിക പൊതുയോഗത്തിനുശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് രോഷാകുലനായി നടനും എംഎൽഎയുമായ മുകേഷ് തുറന്നടിച്ചത്. രോഷത്തോടെയാണ് എംഎൽഎ ആയ ഗണേഷ് കുമാറും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്.

നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിനെ ഒറ്റപ്പെടുത്താനുളള ശ്രമം ഉണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യമാണ് മുകേഷിനെ കുപിതനാക്കിയത്. ദിലീപ് ഞങ്ങളുടെ കൂടെ ഇവിടെ ഇരിക്കുകയല്ലേ പിന്നെ എങ്ങനെയാണ് ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് മുകേഷ് ചോദിച്ചു.

പൊലീസുകാരുടെ ജോലി ചാനലുകാർ ഏറ്റെടുക്കേണ്ടെന്നും അനാവശ്യ ചോദ്യങ്ങൾ വേണ്ടെന്നും മുകേഷ് വളരെ രോഷത്തോടെ പ്രതികരിച്ചു. നടന്മാരായ ദേവനും ഗണേഷ് കുമാറും രൂക്ഷമായാണ് പ്രതികരിച്ചത്. വിഷമം അനുഭവിക്കുന്ന രണ്ട് അംഗങ്ങളെയും തളളിപ്പറയില്ലെന്നും രണ്ടുപേരും അമ്മയുടെ മക്കളാണെന്നും അവരുടെ വേദനയിൽ ഞങ്ങളെല്ലാം ഒറ്റക്കെട്ടാണെന്നും ഗണേഷ് കുമാർ പറഞ്ഞു. അവരെ തളളിപ്പറയാൻ നിങ്ങളെന്ത് തല കുത്തിമറിഞ്ഞാലും അത് നടക്കില്ല. സംഘടന ഒറ്റക്കെട്ടാണെന്നും സംഘടന പൊളിയില്ലെന്നും ഗണേഷ് തുറന്നടിച്ചു.

വിമർശനം ഉയർന്നതോടെ മുകേഷ് രോഷത്തോടെയുള്ള പെരുമാറ്റത്തിൽ വിശദീകരണവുമായി രംഗത്ത് വന്നു. “വിമർശനങ്ങൾ ഉൾക്കൊളളുന്നു. നല്ല നേതാവാകാനാണ് വിമർശനങ്ങൾ എന്ന് മനസ്സിലാക്കുന്നു. ‘അമ്മ’യുടെ വാർത്താസമ്മേളനത്തിൽ മോശമായി ഒന്നും പറഞ്ഞിട്ടില്ല. രാഷ്ട്രീയത്തിൽ തുടക്കക്കാരനാണ്. തെറ്റുകൾ സ്വാഭാവിക”മാണെന്നും മുകേഷ് പറഞ്ഞു.

ഇന്ന് രാവിലെ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച ഇന്നസെന്റ് വീണ്ടും കുഴപ്പത്തിൽ ചെന്നുചാടി. നടിമാർ മോശക്കാരാണെങ്കിൽ മറ്റുള്ളവരുമായി കിടക്ക പങ്കിട്ടുവെന്നുവരാമെന്ന പ്രസ്താവനയാണ് വിവാദമായത്. ഇതിനെതിരെ വുമൺ ഇൻ സിനിമ കളക്ടീവും രംഗത്ത് വന്നിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ