തിരുവനന്തപുരം: കോട്ടയം ജില്ല പഞ്ചായത്തിലേക്ക് സിപിഎം പിന്തുണയോടെ മത്സരിച്ച് ജയിച്ച കേരള കോൺഗ്രസ് (എം) നെ കടന്നാക്രമിച്ച് കോൺഗ്രസ് മുഖപത്രമായ വീക്ഷണം.  മാണിയും സിപിഎമ്മും തമ്മിൽ ഒരുമിച്ച് പ്രവർത്തിച്ചത് രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്ത പ്രവർത്തനമാണെന്ന ആക്ഷേപമാണ് വീക്ഷണം എഡിറ്റ് പേജിൽ ഉന്നയിച്ചിരിക്കുന്നത്. അതേസമയം സിപിഎമ്മിന്റെ നടപടിയെ രാഷ്ട്രീയ അധാർമ്മികതയെന്ന് വിമർശിച്ച് സിപിഐ മുഖപത്രമായ ജനയുഗവും രംഗത്തെത്തി.

“ദേവദാസികളെപോലെ ആരുടെ മുന്നിലും ആഠാനും പാടനുമുള്ള മാണിയുടെ രാഷ്ട്രീയ അശ്ലീലത ആരെയും ലജ്ജിപ്പിക്കുന്നതാണെന്നാണ്” വീക്ഷണം എഴുതിയിരിക്കുന്നത്. “മാണിയുടെ കാനാനിലേക്കുള്ള യാത്ര നരകത്തിലേക്ക് എത്തിച്ചേരുമോയെന്ന്  സംശയിക്കുന്നവരും പാർട്ടിയിൽ ഏറെയുണ്ടെ”ന്ന് ഇതിൽ പറഞ്ഞിരിക്കുന്നു.

“കോട്ടയത്ത് അരങ്ങേറിയത് രാഷ്ട്രീയ അധാർമ്മികതയാണെ”ന്ന് വിമർശിച്ച ജനയുഗം ” അഴിമതിക്കാരനായ ഒരാളെ പിന്തുണച്ച സിപിഎമ്മിന്റെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്” കൂട്ടിച്ചേർത്തു.  ഇത് അവസരവാദ രാഷ്ട്രീയമാണെന്ന് സിപിഐ നിലപാട് വ്യക്തമാക്കി.

ഇന്നലെ നടന്ന കോട്ടയം ജില്ല പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് സിപിഎം പിന്തുണയോടെ കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി സഖറിയാസ് കുതിരവേലി വിജയിച്ചത്. കോൺഗ്രസ് അംഗം  ജോഷി ഫിലിപ്പ് ഡിസിസി പ്രസിഡന്റായതോടെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. ഈ ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്.

കോൺഗ്രസും കേരള കോൺഗ്രസും നേരത്തേയുണ്ടാക്കിയ ധാരണ പ്രകാരം കോൺഗ്രസ് സ്ഥാനാർത്ഥി സണ്ണി പാമ്പാടിയെ പിന്തുണയ്ക്കുമെന്ന് കേരള കോൺഗ്രസ് (എം) അംഗങ്ങൾ ഉറപ്പുനൽകിയിരുന്നു. എന്നാൽ അവസാന ദിവസങ്ങളിൽ നടന്ന അപ്രതീക്ഷിത നീക്കത്തിനൊടുവിൽ സിപിഎം പിന്തുണയോടെ കേരള കോൺഗ്രസ് സ്ഥാനാർത്ഥി വിജയിക്കുകയായിരുന്നു.

ബുധനാഴ്ച രാവിലെ ചേർന്ന സിപിഎം അടിയന്തിര ജില്ല സെക്രട്ടേറിയേറ്റ് യോഗമാണ് മാണി വിഭാഗത്തെ പിന്തുണയ്ക്കാമെന്ന തീരുമാനത്തിലെത്തിയത്. 22 അംഗ സഭയിൽ, കോൺഗ്രസിന് എട്ടും, സിപിഎമ്മിന് ആറും കേരള കോൺഗ്രസ് (എം) ന് ആറും, സിപിഐ ക്ക് ഒന്നും പിസിജോർജ് വിഭാഗക്കാരനുമായ ഒരംഗവുമാണ് ഉള്ളത്.

ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ പിസി ജോർജ് വിഭാഗക്കാരനായ അംഗം വവോട്ട് അസാധുവാക്കിയിരുന്നു. സിപിഐ വിട്ടു നിന്നു. കോൺഗ്രസ് സ്ഥാനാർത്ഥി സണ്ണി പാമ്പാടി എട്ട് വോട്ടുകൾ നേടിയപ്പോൾ മറുവിഭാഗം 12 വോട്ട് നേടി വിജയിച്ചു. ഇതോടെയാണ് ഇടത് മുന്നണിയിലും വലത് മുന്നണിയിലും സിപിഎമ്മിനും കേരള കോൺഗ്രസിനും എതിരെ വിമർശനമുയർന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ