തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബിജെപി പ്രസിഡന്റിനെ പോലെ പെരുമാറുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ ഭേദഗതി നിയമത്തെ സുപ്രീം കോടതി ചവറ്റുകൊട്ടയില്‍ തള്ളുമെന്നും ചെന്നിത്തല പറഞ്ഞു. കൂടാതെ ഭരണ പ്രതിപക്ഷങ്ങള്‍ ഒന്നിച്ച സംയുക്ത സമരത്തിന്റെ കടയ്ക്കൽ കത്തിവച്ചത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഗവർണർക്കെതിരെ അതിരൂക്ഷ വിമർശനങ്ങളാണ് സിപിഎമ്മും സിപിഐയും ഇന്ന് ഉന്നയിച്ചത്. പൗരത്വ നിയമത്തിനെതിരെ കോടതിയില്‍ പോയതിന് മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് തേടാനാവില്ലെന്നും സംസ്ഥാന സർക്കാരിന്റെ തലവനല്ല ഗവർണറെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ പോകും മുമ്പ് ഗവർണറുടെ അനുമതി തേടണമെന്ന് ഭരണഘടനയിൽ എവിടെയാണ് പറയുന്നതെന്ന് യെച്ചൂരി ചോദിച്ചു.

Read Also: പ്രധാനമന്ത്രിക്കെതിരെ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ അത് നാണക്കേടാണ്: ചന്ദ്രശേഖര്‍ ആസാദ്

ഗവർണർക്കെതിരെ സിപിഐയും രംഗത്തെത്തി. ഗവർണറുടെ സമീപനം മോശം പ്രവണതയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തിന്റെ തലവന്‍ ഗവര്‍ണറാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും എന്നാല്‍ ഇല്ലാത്ത അധികാരം ഉണ്ടെന്ന് ഗവര്‍ണര്‍ ധരിക്കരുതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനങ്ങളോ കേന്ദ്രവുമായോ ഉള്ള പ്രശ്നങ്ങള്‍ക്ക് സുപ്രീംകോടതിയെ സമീപിക്കുന്നതിന് ഗവര്‍ണറുടെ അനുമതി വേണ്ടെന്നും കാനം കൂട്ടിച്ചേർത്തു.

അതേസമയം, സർക്കാരിന്റെയോ ഏതെങ്കിലും വ്യക്തികളുടെയോ അവകാശങ്ങളെ വെല്ലുവിളിക്കാൻ താനില്ലെന്നും എന്നാൽ ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവൻ ഞാനാണെന്നിരിക്കെ പ്രോട്ടോകോൾ പ്രകാരം തന്നെ അറിയിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സർക്കാർ കോടതിയെ സമീപിച്ചതിൽ ഗവർണർ ഇന്നലെ ശക്തമായി ആഞ്ഞടിച്ചിരുന്നു. സർക്കാർ പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്നും ഗവർണർ റബ്ബർ സ്റ്റാമ്പല്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

Read Also: സാംപയ്‌ക്ക് കോഹ്‌ലി ‘പ്രേമം’; ഇന്ത്യൻ നായകന് തലവേദന

എന്നാൽ സംസ്ഥാനത്തിന് മേൽ റസിഡന്റ്മാരില്ലന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നേരത്തെ നാട്ടുരാജ്യങ്ങൾക്ക് മുകളിൽ ബ്രിട്ടീഷുകാർ റസിഡന്റിനെ നിയമിക്കുമായിരുന്നു. അതുപോലെ കേരള സർക്കാരിന് മുകളിൽ റസിഡന്റ് ഇല്ലെന്ന് എല്ലാരും ഓർക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.