ന്യൂഡല്‍ഹി: കേരളത്തിലെ ലോക്സഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള കോണ്‍ഗ്രസിന്റെ നിർണായക ചര്‍ച്ചകള്‍ ഇന്ന് ഡല്‍ഹിയില്‍ നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന മുതിര്‍ന്ന നേതാക്കളുടെ നിലപാട് കോണ്‍ഗ്രസിന് തലവേദനയാകുന്നുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സുധാകരന്‍, കെ.സി.വേണുഗോപാല്‍ എന്നിവര്‍ മത്സരിക്കാനില്ലെന്ന് അറിയിച്ചിട്ടുണ്ട്. തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. വടകരയില്‍ ഉചിതനായ സ്ഥാനാര്‍ത്ഥി മുല്ലപ്പളളിയാണെന്നാണ് പാര്‍ട്ടിയിലെ അഭിപ്രായം. എന്നാല്‍ മുല്ലപ്പളളി പുറംതിരിഞ്ഞ് നില്‍ക്കുന്നത് ഹൈക്കമാന്‍ഡിന് അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ആലപ്പുഴയിലും കണ്ണൂരിലും ഇത് തന്നെയാണ് സ്ഥിതി.

രാവിലെ നടക്കുന്ന സ്ക്രീനിങ് കമ്മറ്റി യോഗത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് സമിതി സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കും. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. സ്ക്രീനിങ് കമ്മിറ്റിയില്‍ ഹൈക്കമാന്‍ഡിനെ പ്രതിനിധീകരിച്ച് സംഘടന ചുമതയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായിരിക്കും കേരള നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക.

തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നീ സിറ്റിങ് സീറ്റുകളിലൊഴിച്ച് മറ്റിടങ്ങളിലൊന്നും സ്ഥാനാര്‍ത്ഥിയാരാകും എന്നതിൽ വ്യക്തത ആയിട്ടില്ല. സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ച സാഹചര്യത്തിൽ കോണ്‍ഗ്രസിന് ഇനിയും കാര്യങ്ങള്‍ നീട്ടിക്കൊണ്ടുപോവാനാവില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.