/indian-express-malayalam/media/media_files/uploads/2023/08/Chandy-Oommen.jpg)
Photo: Facebook/ Chandy Oommen
കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് കേവലം മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ജനകീയ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയാകാന്‍ കോണ്‍ഗ്രസ് തിരഞ്ഞെടുത്തത് മകന്‍ ചാണ്ടി ഉമ്മനെ തന്നെ.
“വലിയ ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. എന്നെക്കൊണ്ട് ചെയ്യാവുന്ന വിധം ഉത്തരവാദിത്തം പൂര്‍ണമായി നിറവേറ്റും. 53 വര്‍ഷം പിതാവ് നിന്ന മണ്ഡലമാണ്. അതിനോട് ചേര്‍ന്ന് നില്‍ക്കുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്,” ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ തന്നെ ചാണ്ടി ഉമ്മന്‍ പ്രചാരണവും ആരംഭിച്ചു.
പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടേയും മറിയാമ്മയുടേയും മകനായി ജനിച്ച ചാണ്ടി ഉമ്മന്റെ പ്രാഥമിക വിദ്യാഭ്യാസം തിരുവനന്തപുരം സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂളിലും ലയോള സ്കൂളിലുമായിരുന്നു. രിത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. നിയമത്തിലും അദ്ദേഹം ബിരുദം സ്വന്തമാക്കിയിട്ടുണ്ട്.
ക്രിമിനോളജി, കോൺസ്റ്റിറ്റ്യൂഷൻ ആൻഡ് അഡ്മിനിസ്ട്രേഷൻ ലോ എന്നിവയിൽ എൽഎൽഎം. കെ എസ് യുവിലൂടെയാണ് ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ പ്രവേശനം. ഉമ്മന്‍ ചാണ്ടിയുടെ മകനെന്ന പേരില്‍ നിന്ന് ചാണ്ടി ഉമ്മന് സ്വീകാര്യത നല്‍കിയത് രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡൊ യാത്രയായിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ ഔട്ട്റീച്ച് സെല്ലിന്റെ ചെയര്‍മാന്‍ കൂടിയായ ചാണ്ടി ഉമ്മന്‍ രാഹുലിനൊപ്പം കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ സഞ്ചരിച്ചു.
നഗ്നപാദവുമായാണ് ചാണ്ടി ഉമ്മനെ പലപ്പോഴും യാത്രക്കിടെ കണ്ടത്. 3,300 കിലോ മീറ്ററോളം ചാണ്ടി ഉമ്മന്‍ ചെരുപ്പിടാതെ നടന്നു. ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയ്ക്കായി ജര്‍മനിയിലേക്ക് പോകേണ്ടി വന്നതിനാല്‍ ചാണ്ടി ഉമ്മന് ഭാരത് ജോഡൊ യാത്രയില്‍ നിന്ന് അല്‍പ്പം ഇടവേളയെടുക്കേണ്ടതായി വന്നിരുന്നു.
സെപ്തംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ്. എട്ടാം തീയതിയാണ് വോട്ടെണ്ണല്‍ നിശ്ചയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 17 വരെ നോമിനേഷനുകള്‍ നല്‍കാം. ഓഗസ്റ്റ് 21 ആണ് നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us