തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാനുള്ള യുഡിഎഫിന്റെ പത്തംഗസമിതിയെ എഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അധ്യക്ഷനായ സമിതിയിൽ പത്ത് പേരാണുള്ളത്. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കാൻ സോണിയ ​ഗാന്ധിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോ​ഗം തീരുമാനിച്ചിരുന്നു.

Read More: മുല്ലപ്പളളി രാമചന്ദ്രൻ മത്സരിച്ചേക്കും; കൽപറ്റയിൽനിന്ന് ജനവിധി തേടാൻ സാധ്യത

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, എംപിമാരായ ശശി തരൂര്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരന്‍ എന്നിവരാണ് പത്തംഗ സമിതിയിലെ മറ്റംഗങ്ങൾ. യുഡിഎഫ് കണ്‍വീനർ എംഎം ഹസ്സനെ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കാനും തന്ത്രങ്ങൾ രൂപീകരിക്കാനുമായി സമിതി തുടര്‍ച്ചയായി യോഗം ചേരണമെന്നും ഇതുമായി ബന്ധപ്പെട്ട എഐസിസി ഉത്തരവിൽ പറയുന്നു. കെപിസിസിയുടെ തിരഞ്ഞെടുപ്പ് മേൽനോട്ടത്തിന്റേയും പ്രചരണ തന്ത്രം രൂപീകരിക്കുന്നതിന്റേയും ഉത്തരവാദിത്തം ഈ സമിതിക്കാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഉമ്മന്‍ ചാണ്ടി സജീവമാകാതിരുന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പിലടക്കം നേരിട്ട തിരിച്ചടിക്ക് കാരണമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി സജീവമാവുകയും പ്രചാരണത്തില്‍ ഇടപെടുകയും വേണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം.

കഴിഞ്ഞ ദിവസം സോണിയ ​ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ കോൺ​ഗ്രസ് നേതാക്കൾ യോ​ഗം ചേർന്നിരുന്നു. കേരളത്തിൽ നിന്ന് ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല എന്നിവർ യോ​ഗത്തിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് വിജയം മാത്രമാണ് മുഖ്യ അജണ്ടയെന്നായിരുന്നു യോ​ഗത്തിൽ പങ്കെടുത്ത ശേഷം മുതിർന്ന നേതാവ് എ.കെ ആന്റണി പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടുമെന്നും നേതാക്കൾ പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.