തൃശൂര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടിച്ചു. ക്രൂരമര്‍ദനത്തിന് ഇരയായ ഒരു നേതാവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐ ഗ്രൂപ്പ് നേതാവും കോണ്‍ഗ്രസ് കാട്ടൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റുമായ ബിബിന്‍ തുടിയത്തിനാണ് ക്രൂരമര്‍ദനമേറ്റത്. മറ്റൊരു ഐ ഗ്രൂപ്പ് നേതാവും ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എം.എസ്.അനിൽകുമാറിന്‍റെ ഓഫീസ് ജീവനക്കാരനായ അരുൺജിത്തിന്‍റെ സംഘമാണ് ആക്രമണത്തിന് പിന്നില്ലെന്ന് ആരോപണമുണ്ട്.

ഇരിങ്ങാലക്കുട നടവരമ്പില്‍ കോളനി റോഡിലായിരുന്നു കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം നടന്നത്. രാത്രി എട്ടരയോടെ പൊതുയോഗം കഴിഞ്ഞ് കോളനി റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനടുത്തേക്ക് നടക്കുമ്പോഴായിരുന്നു സംഘം ചേര്‍ന്നെത്തിയവര്‍ ക്രൂരമായി മര്‍ദിച്ചതെന്ന് പറയുന്നു.

പീഡനക്കേസില്‍ ആരോപണ വിധേയനായ ഡിവൈഎഫ്ഐ നേതാവിന്‍റെ പുസ്തക പ്രകാശനത്തിന് അനില്‍കുമാര്‍ സൗകര്യമൊരുക്കിയെന്നും പങ്കെടുത്തുന്നെന്നും ചൂണ്ടിക്കാണിച്ച് ബിബിന്‍  കെപിസിസി, ഡിസിസി നേതൃത്വങ്ങൾക്ക് പരാതി നല്‍കിയിരുന്നു. ഇക്കാര്യം ചോദിച്ചായിരുന്നു വാക്കുതർക്കവും സംഘം ചേർന്നുള്ള മർദനവും നടന്നതെന്ന് പറയുന്നു.

തൃശൂരിൽ ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ധ ചികിൽസക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.