തൃശൂര്‍: ആശങ്കകള്‍ക്ക് വിരാമമിട്ട് തൃശ്ശൂരില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിയ്ക്ക് കോംഗോ പനിയില്ലെന്ന് പരിശോധനാ ഫലം. കോംഗോ പനിയെന്ന സംശയത്തെ തുടര്‍ന്ന് രക്ത സാമ്പിളുകള്‍ മണിപ്പാലിലേക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം ഇന്ന് ലഭിച്ചു. പനിയില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ ഇയാളെ മാറ്റി താമസിപ്പിക്കേണ്ടതില്ലെന്നും ഉടനെ തന്നെ ഡിസ്ചാര്‍ജ് ചെയ്യാമെന്നും ഡിഎംഒ അറിയിച്ചു.
കഴിഞ്ഞ മാസം 27ാം തിയതി യു എ ഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി മൂത്രാശയ അണുബാധക്ക് ചികിത്സ തേടിയപ്പോളാണ് മുന്‍പ് ഇയാള്‍ക്ക് കോംഗോ പനി ബാധിച്ച വിവരം ആശുപത്രി അധികൃതര്‍ അറിഞ്ഞത്. പരിശോധനക്ക് അയച്ച രക്ത സാമ്പിളിന്റെ ഫലം നെഗറ്റീവായതോടെ സംസ്ഥാനത്ത് കോംഗോ പനി ഇതുവരെ ആര്‍ക്കും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ക്രിമിയന്‍ കോംഗോ ഹെമറേജിക് ഫിവര്‍ (സിസിഎച്ച്എഫ്) എന്നതാണ് കോംഗോ പനിയുടെ പൂര്‍ണമായ പേര്. സിസിഎച്ച്എഫ് എന്നാണ് രോഗകാരണമായ വൈറസ് അറിയപ്പെടുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് ഈ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. വളര്‍ത്തുമൃഗങ്ങളിലും വന്യമൃഗങ്ങളിലും കാണുന്ന ചെള്ളാണ് രോഗം പരത്തുന്നത്. വായുവിലൂടെ ഈ രോഗം പകരില്ല. രോഗം ബാധിച്ചവരുടെ രക്തത്തില്‍ നിന്നും രക്താംശത്തില്‍ നിന്നുമാണ് പകരുന്നതെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം രോഗം ബാധിച്ച 10 പേരില്‍ നാലു പേര് മരണപ്പെടുന്നു. മനുഷ്യരെ ചെള്ള് കടിച്ചുകഴിഞ്ഞാല്‍ മൂന്നുദിവസം കൊണ്ട് പനി ലക്ഷണം കണ്ടുതുടങ്ങും. കടുത്ത പനി, വയര്‍ വേദന, ഛര്‍ദി തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.