തിരുവനന്തപുരം: എ.കെ.ശശീന്ദ്രനെ കുടുക്കിയതാണെന്ന് ചാനൽ ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ പുതിയ മന്ത്രി ആരാകുമെന്ന കാര്യത്തിൽ എൻസിപിയിൽ ആശയക്കുഴപ്പം. ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ പുതിയ മന്ത്രിയാരെന്ന കാര്യത്തിൽ എൻസിപിയിൽ ആശയക്കുഴപ്പമില്ലെന്നാണ് ഉഴവൂർ വിജയൻ വ്യക്തമാക്കിയത്. പുതിയ സാഹചര്യത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച ചെയ്തു. തീരുമാനം മുഖ്യമന്ത്രി എടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ മുന്നണിയുടെ യോഗം ഇന്നു ചേരുന്നുണ്ട്. ഇതിൽ ഈ വിഷയം ചർച്ചയാകും. ജുഡീഷ്യൽ അന്വേഷണം വേണമോ എന്ന കാര്യവും യോഗത്തിൽ ചർച്ച ചെയ്യും. പുതിയ മന്ത്രിയാരെന്നതിനെക്കുറിച്ച് എൻസിപി ദേശീയ നേതൃയോഗത്തിനുശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ. ശശീന്ദ്രനു അഗ്നിശുദ്ധി നടത്തി തിരിച്ചുവരാം. ശശീന്ദ്രന്റെ രാജി ധാർമികമായി വിജയിച്ചുവെന്നും ഉഴവൂർ വിജയൻ പറഞ്ഞു.

ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനെ കുടുക്കിയ ഫോൺ സംഭാഷണം സ്റ്റിംഗ് ഓപ്പറേഷൻ തന്നെയെന്ന് മംഗളം ചാനൽ ഏറ്റു പറഞ്ഞിരുന്നു. ശശീന്ദ്രനുമായി സംഭാഷണം നടത്തിയത് വീട്ടമ്മ അല്ലെന്നും മംഗളം ചാനലിലെ തന്നെ മാധ്യമപ്രവർത്തകയാണ് എന്നും ചാനലിന്‍റെ സിഇഒ അജിത് കുമാർ വ്യക്തമാക്കി. സംഭവത്തിൽ ചാനൽ മാപ്പു പറയുകയും ചെയ്തു.

ചാനലിലെ മാധ്യമപ്രവർത്തക സ്വയം ഏറ്റെടുത്ത ഉത്തരവാദിത്തം ആണെന്നും വിഐപികളെയും രാഷ്ട്രീയ നേതാക്കളെയും വലയിൽ കുടുക്കാൻ പദ്ധതിയിട്ടതാണെന്നും അജിത് കുമാർ പറഞ്ഞു. എ കെ ശശീന്ദ്രന്‍റെ ഫോണ്‍വിളി വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കാന്‍ തീരുമാനിച്ചതോടെയാണ് മംഗളം കുറ്റസമ്മതം നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ