ആലപ്പുഴ: കുട്ടനാട്ടില്‍ സിപിഎം ഔദ്യോഗിക പക്ഷവും വിമത വിഭാഗവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായി റിപ്പോര്‍ട്ട്. രാമങ്കരി ലോക്കൽ കമ്മിറ്റി അംഗം ശരവണൻ, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി രഞ്ജിത് രാമചന്ദ്രൻ എന്നീ നേതാക്കള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. മൂന്നിടത്തുവച്ചാണ് സംഘര്‍ഷമുണ്ടായത്.
ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. മാമ്പുഴക്കരി ബ്ലോക്ക് ജങ്ഷനു സമീപം വച്ച് വേഴപ്രയിൽ നിന്നുള്ള വിമത വിഭാഗത്തിൽപ്പെട്ടവരും ഔദ്യോഗിക പക്ഷത്തിലെ ചിലരുമായി വാക്കേറ്റമുണ്ടായി. ഇതു പിന്നീട് കയ്യാങ്കളിയിലേക്കു മാറുകയായിരുന്നു. പിന്നീട് രാമങ്കരിയിലാണു ശരവണനും രഞ്ജിത്തും ഏറ്റുമുട്ടിയത്.
സംഭവത്തില്‍ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണു വിവരം. കുട്ടനാട്ടില്‍ മാത്രം പാര്‍ട്ടിയില്‍നിന്നു മുന്നൂറിലധികം പേരാണ് രാജിവച്ചത്. ഇതു സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുകയും മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ എല്ലാവരെയും വിളിച്ചുചേര്‍ത്ത് ചര്‍ച്ചയും നടന്നിരുന്നു. സാഹചര്യങ്ങള്‍ ശാന്തമായി തുടരുന്നതിനിടെയാണ് ആക്രമണം.