തിരുവനന്തപുരം: പാർട്ടിക്കുള്ളിലും പുറത്തും പരസ്യമായ വിവിധ ഗ്രൂപ്പുകളെയും അതിനു നേതൃത്വം നൽകുന്ന മുതിർന്ന നേതാക്കളെയും മെരുക്കാൻ കഴിയുമോ? ഈ ചോദ്യത്തിനാണു ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ കെ. സുരേന്ദ്രനിൽനിന്ന് കേന്ദ്ര നേതൃത്വവും രാഷ്ട്രീയ കേരളവും ഉത്തരം തേടുന്നത്. സുരേന്ദ്രന്റെ സ്ഥാനാരോഹണ ചടങ്ങിൽനിന്നു മുതിർന്ന ബിജെപി നേതാക്കൾ വിട്ടുനിന്ന സാഹചര്യത്തിൽ ഈ ചോദ്യത്തിന്റെ പ്രസക്തിയേറുകയാണ്.

സുരേന്ദ്രനെ ബിജെപി അധ്യക്ഷനാക്കിയതോടെ സംസ്ഥാന ബിജെപിയിലെ കൃഷ്‌ണദാസ് പക്ഷവും മുരളീധരൻ പക്ഷവും തമ്മിലുള്ള ഭിന്നത ഇതോടെ കൂടുതൽ രൂക്ഷമായിരിക്കുകയാണ്. മുരളീധരൻ പക്ഷത്തുള്ള സുരേന്ദ്രൻ ബിജെപി അധ്യക്ഷനായി സ്ഥാനമേൽക്കുന്ന ചടങ്ങിൽ നിന്നു വിട്ടുനിന്ന നേതാക്കളിൽ ഭൂരിഭാഗവും കൃഷ്‌ണദാസ് പക്ഷക്കാരാണ്.

Read Also: മോദി ബഹുമുഖ പ്രതിഭ; പുകഴ്ത്തി ജസ്റ്റിസ് അരുണ്‍ മിശ്ര

മുൻ അധ്യക്ഷനും മുതിർന്ന നേതാവുമായ കുമ്മനം രാജശേഖരൻ, ജനറൽ സെക്രട്ടറിമാരായ എ.എൻ. രാധാകൃഷ്‌ണൻ, ശോഭാ സുരേന്ദ്രൻ, എം.ടി.രമേശ് തുടങ്ങിയവർ സ്ഥാനാരോഹണച്ചടങ്ങിൽനിന്നു വിട്ടുനിന്നു. തിരുവനന്തപുരം മാരാർജി ഭവനിൽ നടന്ന പൊതുപരിപാടിയിൽ ഇവരൊന്നും പങ്കെടുത്തില്ല. രമേശ് റെയിൽവേ സ്റ്റേഷനിൽ നടന്ന സ്വീകരണ പരിപാടിയിൽ മാത്രം പങ്കെടുത്ത് മടങ്ങി. സംസ്ഥാന വക്‌താക്കളായ പല നേതാക്കളും തിരുവനന്തപുരത്ത് എത്തിയില്ല.

Read Also: മെലാനിയ ട്രംപിന്റെ സ്കൂൾ സന്ദർശനം; കേജ്‌രിവാളിനെ ഒഴിവാക്കി കേന്ദ്രം

കെ.സുരേന്ദ്രനെ ബിജെപി അധ്യക്ഷനാക്കിയതിൽ സംസ്ഥാനത്തെ പല നേതാക്കൾക്കും വിഷമങ്ങളുണ്ടെന്ന് ഒരു ബിജെപി നേതാവ് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. സുരേന്ദ്രനെ ബിജെപി അധ്യക്ഷനായി തിരഞ്ഞെടുത്തപ്പോൾ മറ്റ് മുതിർന്ന നേതാക്കളെ അനുഭാവപൂർവം പരിഗണിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.

“കുമ്മനം നേരത്തെ വേറെയൊരു പരിപാടി ഏറ്റിരുന്നു. എം.ടി.രമേശ് റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. രാധാകൃഷ്‌ണൻ പരിപാടിയുടെ അവസാനം അവിടെ എത്തിയിരുന്നു. പാർട്ടിക്കുള്ളിൽ എല്ലാവർക്കും വിഷമമുണ്ട്. മുതിർന്ന നേതാക്കളായ ഇവരെയൊക്കെ വേണ്ടവിധം പരിഗണിക്കാതെയാണ് സുരേന്ദ്രനെ ബിജെപി അധ്യക്ഷനായി പ്രഖ്യാപിച്ചത്. അതുകൊണ്ട് എല്ലാവർക്കും ബുദ്ധിമുട്ടുണ്ട്. സുരേന്ദ്രനേക്കാൾ സീനിയറാണ് ഇവരൊക്കെ. പദവികളൊന്നും ഇല്ലാതെയാണ് കുമ്മനം ഇരിക്കുന്നത്. അപ്പോൾ, ഇവരെ കൂടി പരിഗണിച്ചു വേണമായിരുന്നു പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാൻ. എന്തായാലും മൂന്ന് മാസം വെെകിയാണ് അധ്യക്ഷനെ പ്രഖ്യാപിക്കുന്നത്. അപ്പോൾ പിന്നെ മറ്റ് നേതാക്കളെ കൂടി പരിഗണിക്കാനുള്ള സമയമുണ്ടായിരുന്നു. ദേശീയ നേതൃത്വത്തിലേക്ക് ഏതെങ്കിലും രണ്ട് നേതാക്കളെ ഉൾപ്പെടുത്തുക, വേറെ ഏതെങ്കിലും ബോർഡിലേക്ക് മറ്റ് നേതാക്കളെ പരിഗണിക്കുക എന്നിവയെല്ലാം ചെയ്യാമായിരുന്നു,” പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ബിജെപി നേതാവ് പറഞ്ഞു.

Read Also: മോദിയെ കൊല്ലൂ എന്ന് പറയാനാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്; ഷഹീൻ ബാഗിനെതിരെ സ്മൃതി ഇറാനി

“ഇവരേക്കാളെല്ലാം ജൂനിയറാണ് സുരേന്ദ്രൻ. ജൂനിയറായിട്ടുള്ള ഒരാളുടെ കീഴിൽ ജനറൽ സെക്രട്ടറിമാരായി ഇരിക്കാൻ ഇവർക്ക് (എം.ടി.രമേശ്, എ.എൻ.രാധാകൃഷ്‌ണൻ, ശോഭാ സുരേന്ദ്രൻ) താൽപ്പര്യമില്ല. ഇവരെയെല്ലാം ഏതെങ്കിലും പദവിയിൽ പരിഗണിക്കേണ്ടതായിരുന്നു. പുതിയ നേതൃത്വത്തിനു പാർട്ടിയെ കൊണ്ടുനടക്കാൻ സാധിക്കുമോ എന്നതാണ് കാര്യം. സുരേന്ദ്രൻ നന്നായി പ്രസംഗിക്കും എന്നത് ശരിയാണ്. അതിനുമപ്പുറം പാർട്ടിയെ ചലിപ്പിക്കാൻ സാധിക്കുമോ എന്നതാണ് വിഷയം. എ.എൻ.രാധാകൃഷ്‌ണനാണ് ഇപ്പോൾ പാർട്ടിയെ ചലിപ്പിക്കുന്നത്. കുറേ പ്രശ്‌നങ്ങൾ പരിഹരിക്കാനുണ്ട്, ആളുകളെ സംഘടിപ്പിക്കണം, സമരങ്ങൾ സംഘടിപ്പിക്കണം… ഇതൊക്കെ ചെയ്യാൻ കഴിയുന്ന ആളെ പാർട്ടിക്ക് വേണം. ഇത്തരം വിഷയങ്ങളെല്ലാം കണക്കിലെടുത്ത് മുതിർന്ന നേതാക്കളെ കൂടി പരിഗണിച്ചുവേണമായിരുന്നു പുതിയ അധ്യക്ഷനെ തീരുമാനിക്കാൻ. എന്തായാലും മൂന്ന് മാസം താമസിച്ചു. അപ്പോൾ പിന്നെ കൃഷ്‌ണദാസ് അടക്കമുള്ള നേതാക്കൾക്ക് അർഹിക്കുന്ന പരിഗണന നൽകാമായിരുന്നു.”

“എം.ടി.രമേശ്, എ.എൻ.രാധാകൃഷ്‌ണൻ, ശോഭാ സുരേന്ദ്രൻ എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരില്ല. അവർ ഒഴിയാനാണ് സാധ്യത. ജനറൽ സെക്രട്ടറി സ്ഥാനത്തു തുടരാൻ ഇവരോട് സുരേന്ദ്രൻ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, മൂന്ന് പേരും ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരാൻ യാതൊരു സാധ്യതയും കാണുന്നില്ല. ജനറൽ സെക്രട്ടറിയായി തുടരാനില്ലെന്ന് മൂന്നുപേരും സുരേന്ദ്രനെ അറിയിച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

Read Also: സുന്ദർ, നീയെന്റെ കണ്ണിലേക്ക് നോക്കുമ്പോൾ ഞാനിപ്പോഴും നാണിക്കാറുണ്ട്: ഖുശ്ബു

ഇന്നു രാവിലെയാണ് കെ.സുരേന്ദ്രൻ ബിജെപി അധ്യക്ഷനായി സ്ഥാനമേറ്റത്. സുരേന്ദ്രനൊപ്പം അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന നേതാക്കളായിരുന്നു  രമേശും  രാധാകൃഷ്‌ണനും. ഇരുവരും കൃഷ്‌ണദാസ് പക്ഷക്കാരാണ്. ശോഭാ സുരേന്ദ്രന്റെ പേരും പരിഗണിച്ചിരുന്നു. ഒരു ഗ്രൂപ്പിലും അംഗമല്ല ശോഭ. തുടക്കംമുതലേ കെ.സുരേന്ദ്രന്റെ പേരാണ് വി. മുരളീധരൻ പക്ഷം മുന്നോട്ടുവച്ചിരുന്നത്. ഒടുവിൽ സുരേന്ദ്രനു തന്നെ നറുക്കുവീണു.

ശബരിമല പ്രക്ഷോഭങ്ങളുടെ മുൻപന്തിയിൽ നിന്നിരുന്ന നേതാവായിരുന്നു കുന്നുമേല്‍ സുരേന്ദ്രൻ. 2021 ൽ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതുകൊണ്ട് തന്നെ ബിജെപി അധ്യക്ഷനെന്ന നിലയിൽ ഭാരിച്ച ഉത്തരവാദിത്തമാണ്  സുരേന്ദ്രനിൽ നിക്ഷിപ്‌തമായിരിക്കുന്നത്.

കോഴിക്കോട് ഉള്ള്യേരി സ്വദേശിയായ അമ്പതുകാരൻ  ആറു തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. ലോക്‌സഭയിലേക്ക് കാസർഗോഡ് മണ്ഡലത്തിൽനിന്നു രണ്ടു തവണയും പത്തനംതിട്ട മണ്ഡലത്തിൽനിന്ന് ഒരു തവണയും നിയമസഭയിലേക്കു മഞ്ചേശ്വരത്തുനിന്നു രണ്ടു തവണയും മത്സരിച്ചു. 2016 ൽ മഞ്ചേശ്വരം മണ്ഡലത്തിൽ 89 വോട്ടിനാണു പരാജയപ്പെട്ടത്. ഇക്കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോന്നി മണ്ഡലത്തിലും മത്സരിച്ചിരുന്നു.

ബിജെപി അധ്യക്ഷനായിരുന്ന പി.എസ്.ശ്രീധരൻപിള്ള മിസോറാം ഗവർണറായി നിയമിതനായതോടെയാണ് പുതിയ അധ്യക്ഷനായി ചർച്ചകൾ ആരംഭിച്ചത്. മൂന്ന് മാസത്തോളം നടന്ന ചർച്ചകൾക്ക് ശേഷമാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ സുരേന്ദ്രനെ പുതിയ അധ്യക്ഷനായി പ്രഖ്യാപിച്ചത്. നേരത്തെ ബിജെപി അധ്യക്ഷ സ്ഥാനത്തിരിക്കവേയാണ് കുമ്മനം രാജശേഖരനെ മിസോറാം ഗവർണറായി നിയമിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.