കൊച്ചി: ഓർത്തഡോക്‌സ് സഭയിലെ നിർബന്ധിത കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് സർപ്പിച്ച പുതിയ ഹർജി സുപ്രീം കോടതി കൂടുതൽ വാദത്തിനായി മാറ്റി.

നിർബന്ധിത കുമ്പസാരം ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് ബീന ടിറ്റി അടക്കം അഞ്ച് വനിതകൾ സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്.

കേസിൽ കുടുതൽ രേഖകൾ ഹാജരാക്കാനുണ്ടെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്തഗി അറിയിച്ചു. കേസിൽ സംസ്ഥാന സർക്കാരിനേയും കക്ഷിയാക്കിയിട്ടുണ്ട്.

യാക്കോബായ വിഭാഗത്തിൽ നിന്നുള്ള മാത്യു മത്തച്ചൻ, സി.വി.ജോസ് എന്നിവർ സമർപ്പിച്ച സമാന ഹർജിയിൽ ഡിസംബറിൽ കോടതി നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Read Also: ആരാണ് ഇഷ്‌ടതാരം ? ക്വാറന്റെെനിൽ എന്തായിരുന്നു പരിപാടി ? വേറിട്ടൊരു സ്ലെഡ്‌ജിങ്, വീഡിയോ

ആർക്കിൾ 32 പ്രകാരമുള്ള ഹർജി എങ്ങനെ പരിഗണിക്കാനാവുമെന്നും ഹൈക്കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു. എന്നാൽ, ഹൈക്കോടതി ഇപ്പോഴത്തെ സാഹചര്യത്തിൽ പരിഗണിക്കാനിടയില്ലെന്ന് മുകുൾ റോഹ്‌തഗി വ്യക്തമാക്കി. തുടർന്ന് കോടതി അറ്റോർണി ജനറലിന്റെ നിലപാട് തേടി.

സഭാ തർക്കത്തിന്റെ ഭാഗമാണ് ഈ ഹർജിയെന്നും കേരള ഹൈക്കോടതിയിലെ ജഡ്‌ജിമാർക്ക് വിഷയം നന്നായി അറിയാമെന്നും ഹൈക്കോടതി തന്നെ ഹർജി പരിഗണിക്കുന്നതാണ് ഉചിതമെന്നും അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ അറിയിച്ചു.

എന്നാൽ ഹർജിയിൽ ഉന്നയിക്കുന്നത് ഗൗരവമായ വിഷയങ്ങൾ ആണെന്നും സ്വകാര്യതയെ ഹനിക്കുന്ന നടപടികൾ പുരോഹിതരുടെ ഭാഗത്ത് നിന്നുണ്ടാവുരുതെന്നും റോഹ്തഗി ചൂണ്ടിക്കാട്ടി.

കുമ്പസാരം നിരോധിക്കണമെന്ന ആവശ്യപ്പെടുന്ന ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.