Ghazal Singer Umbayee: കൊച്ചി: ഗസല്‍ ഗായകന് ഉമ്പായിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനം അറിയിച്ചു. കേള്‍വിക്കാര്‍ക്ക് ഏറെ ആനന്ദം പകരുന്നതായിരുന്നു ഉമ്പായിയുടെ ഭാവതരളമായ ഗസലുകളെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള സൂഹത്തിനും സംഗീതപ്രേമികള്‍ക്ക് തീരാനഷ്ടമാണ് ഉമ്പായിയുടെ വിയോഗമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലനും ഉമ്പായിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു. തന്റെ കുടുംബത്തിലെ ഒരാള്‍ വിട്ടു പോയത് പോലെയാണ് തനിക്ക് തോന്നുന്നതെന്ന് ഗായിക മഞ്ജരി പറഞ്ഞു.
മികച്ച ഒരു ഗായകനും അതിലുപരി നല്ല മനുഷ്യനുമായിരുന്നു ഉമ്പായിയെന്ന് കേരള സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാനായ സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു. ‘കഴിഞ്ഞ 25 കൊല്ലമായി ഒക്ടോബര്‍ 23ന് അദ്ദേഹം മുടങ്ങാതെ പാട്ട് പാടുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ച കാര്യം മകന് വിളിച്ചു പറഞ്ഞത്. മറ്റെല്ലാ പരിപാടികളും റദ്ദാക്കിയാലും 23ന് സൂര്യ ജല്‍സാ ഘറില്‍ പാട്ട് പാടണമെന്നാണ് അദ്ദേഹം മകനോട് പറഞ്ഞത്. ഒരാളെ പോലും വേദനിപ്പിക്കുന്ന വാക്കുകള്‍ ഇന്നേ വരെ അദ്ദേഹത്തിന്റെ നാവില്‍ നിന്ന് വന്നിട്ടില്ലെന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും’, സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു.
ആലുവയിലെ അൻവർ പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ വൈകിട്ടോടെയാണ് ഉമ്പായി അന്തരിച്ചത്. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഡോ.ഹൈദരാലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അദ്ദേഹത്തെ ചികിത്സിച്ചിരുന്നത്.
കേരളത്തിലെ ഗസൽ ഗായകരിൽ പ്രമുഖനാണ് പി.എ.ഇബ്രാഹിം എന്ന ഉമ്പായി. നിരവധി ഗസൽ ആൽബങ്ങളിൽ പാടിയിട്ടുള്ള ഉമ്പായി സംഗീത സംവിധായകൻ എം.ജയചന്ദ്രനുമായി ചേർന്ന് നോവൽ എന്ന സിനിമയ്ക്ക് സംഗീതവും നൽകിയിട്ടുണ്ട്. ഒ.എൻ.വി.കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് ഉമ്പായി ശബ്ദാവിഷ്കാരം നൽകിയ ആൽബം ‘പാടുക സൈഗാൾ പാടുക’ ഇന്നും ഏറെ പ്രചാരമുളളതും പ്രിയപ്പെട്ടതുമായ ലിസ്റ്റിലുണ്ട്.