/indian-express-malayalam/media/media_files/uploads/2023/06/arikomban.jpg)
അരികൊമ്പൻ
ഇടുക്കി: മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ വനത്തിനുള്ളില്‍ തുറന്നു വിട്ടു. അപ്പര്‍ കോതൈയാര്‍ മുത്തു കുളി വനത്തിനുള്ളിലാണ് ആനയെ തുറന്നുവിട്ടത്. തുമ്പിക്കൈയില്‍ ഏറ്റ മുറിവിനും ചികിത്സ നല്‍കിയ ശേഷം ആണ് തമിഴ്‌നാട് വനം വകുപ്പ് വനത്തിനുള്ളില്‍ തുറന്ന് വിട്ടത്.
കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ എത്തിച്ച അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചിരുന്നു. ഈ അവസ്ഥയില്‍ കാട്ടില്‍ തുറന്നുവിടാനാകില്ലെന്നും ആവശ്യമെങ്കില്‍ കോതയാര്‍ ആന സംരക്ഷണകേന്ദ്രത്തില്‍ എത്തിച്ച് ചികില്‍സ നല്‍കുമെന്നും തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു.
രണ്ടു ദിവസത്തെ ചികിത്സയ്ക്കുശേഷം ആനയെ കാട്ടില്‍ തുറന്നു വിട്ടാല്‍ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനമെന്നും അധികൃതര്‍ അറിയിച്ചു. മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ അനിമല്‍ ആംബുലന്‍സില്‍ വനംവകുപ്പ് ഡോക്ടര്‍മാര്‍ ആനയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചിരുന്നു.
കളക്കാട്-മുണ്ടന്‍ തുറൈ കടുവാസങ്കേതത്തിലേക്ക് പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാകാത്ത വിധത്തില്‍ ആനയെ മാറ്റുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചതോടെ, ആനയെ തുറന്നു വിടാന്‍ കോടതി അനുവദിച്ചു. മണിമുത്താറില്‍ അരിക്കൊമ്പനെ തുറന്നു വിടുന്നതിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.
അതേസമയം അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശിനി റബേക്ക ജോസഫിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിക്കും. ആനയെ മതികെട്ടാന്‍ ചോലമേഖലയില്‍ തുറന്നു വിടണമെന്നാണ് ആവശ്യം. ആനയെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് തേനി സ്വദേശിയായ അഭിഭാഷകന്‍ ഗോപാലും കോടതിയെ സമീപിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.