മലപ്പുറം: സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്ന കാര്യത്തിൽ ആശങ്കയുണ്ടെന്ന് മുസ്ലീം ലീഗ് നേതാവും എംപിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. ഇതിൽ സാമൂഹിക പ്രശ്നമുണ്ട്. താഴേതട്ടിലുള്ളവരുടെ സാഹചര്യം കൂടി പരിഗണിക്കണം. ഇത് അവകാശത്തിലുള്ള കടന്നുകയറ്റമായും കാണണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ സാമ്പത്തിക സംവരണം നടപ്പാക്കിയത് നിലവിലെ സംവരണ സമുദായത്തിന് ഏറെ ദോഷകരമായ രീതിയിലാണെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു. തീരുമാനം സർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ പിന്നോക്ക വിഭാഗത്തിന്റെ യോഗം 28ന് എറണാംകുളത്ത് ചേർന്ന് സമരങ്ങൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംവരണ വിഷയത്തിൽ തുടർ നടപടികളാലോചിക്കാൻ മലപ്പുറത്ത് ചേർന്ന മുസ്ലിം സംഘടനകളുടെ സംയുക്‌ത യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പികെ കുഞ്ഞാലിക്കുട്ടി. മത നേതാക്കളും എംപിമാരായ പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Read More: സിബിഐക്ക് വിലങ്ങിടാൻ കേരളവും; അന്വേഷണത്തിനുള്ള പൊതു അനുമതി പിൻവലിച്ചേക്കും

സംവരണത്തിൽ ആശങ്കയുള്ളത് മുസ്ലീം സംഘടനകൾക്ക് മാത്രമല്ല. അതുകൊണ്ടാണ് എല്ലാ പിന്നോക്ക സംഘടനകളുമായി ആലോചിച്ച് തുടർ നടപടികൾ കൈക്കൊള്ളാൻ തീരുമാനിച്ചതെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. പിന്നാക്കക്കാരുടെ സവരണത്തിന്റെ കടക്കൽ സംസ്ഥാന സർക്കാർ കത്തി വച്ചുവെന്ന് ഇടി മുഹമ്മദ് ബഷീർ എംപി പ്രതികരിച്ചു.

പിന്നാക്ക വിഭാഗങ്ങൾ കൂടുതൽ പിന്നോക്കമാവുന്നതാണ് ഈ തീരുമാനം. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംസ്കാരത്തിൽ എല്ലാ മതവിശ്വാസങ്ങളും ലംഘിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മൃതദേഹം ശുദ്ധീകരിക്കാതെ കുഴിയിൽ തള്ളുന്നു. ഇത് എല്ലാ മത വിശ്വാസങ്ങൾക്കും എതിരാണെന്നും എംപി വിമർശിച്ചു.

സാമ്പത്തിക സംവരണത്തിനെതിരെ സമസ്തയും രംഗത്തെത്തി. സംവരണത്തിന്റെ മറവില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന സംവരണ അട്ടിമറിക്കെതിരെ സമസ്ത പ്രക്ഷോഭത്തിന്. യാതൊരു പഠനത്തിന്റെയും അടിസ്ഥാനമില്ലാതെയുള്ള മുന്നാക്ക സംവരണം ഉദ്യോഗ, വിദ്യാഭ്യാസ മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സമസ്ത നേതൃയോഗം വിലയിരുത്തി.

മെഡിക്കല്‍, എന്‍ജിനീയറിങ്, ഹയര്‍ സെക്കന്‍ഡറി പ്രവേശനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ലിസ്റ്റുകളില്‍ തന്നെ വലിയ രീതിയില്‍ സംവരണ അട്ടിമറിയും മെറിറ്റ് അട്ടിമറിയും കണ്ടെത്തിയിരുന്നു. സംവരണവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഉദ്യോഗ മേഖലയില്‍ മുസ്ലിം, ദലിത് വിഭാഗങ്ങളെ ഗുരുതരമായി ബാധിക്കുന്ന തരത്തില്‍ സംവരണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തത്. ഇത് ഒരു നിലയ്ക്കും അംഗീകരിക്കാനാവില്ലെന്നും കോഴിക്കോട്ടു ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃയോഗം വിലയിരുത്തി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.