Latest News

ക്രൈസ്തവരെ ഇസ്ലാം മതത്തിലേക്ക് മാറ്റുന്നു എന്ന ആശങ്ക അടിസ്ഥാന രഹിതം: മുഖ്യമന്ത്രി

കേസുകളും വിശദാംശങ്ങളും നിരത്തിയായിരുന്നു മുഖ്യമന്ത്രി വിശദീകരിച്ചത്

Pinrayi Vijayan, Narcotic Jihad

തിരുവനന്തപുരം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാര്‍ക്കോട്ടിക് ജിഹാദ് എന്ന പേരില്‍ സംഘടിത ശ്രമങ്ങള്‍ നടക്കുന്നു എന്ന പ്രസ്താവനയും പ്രചരണവും തികച്ചും അടിസ്ഥാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസുകളും വിശദാംശങ്ങളും നിരത്തി അസ്വാഭാവികമായ അനുപാദം ഇല്ല എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

“നിര്‍ഭാഗ്യകരമായ ഒരു പരാമര്‍ശം അതിലൂടെ നിര്‍ഭാഗ്യകരമായ വിവാദം നമ്മുടെ നാട്ടിലുയര്‍ന്ന് വന്നു. ഈ ഘട്ടത്തില്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. രണ്ട് പ്രശ്നങ്ങളാണ്. ഒന്ന് ലവ് ജിഹാദ്, മറ്റൊന്ന് നാര്‍ക്കോട്ടിക് ജിഹാദ്. പ്രണയവും മയക്കുമരുന്നും ഏതെങ്കിലും മതത്തിന്റെ പേരിലേക്ക് തള്ളേണ്ടതല്ല. വിവാദങ്ങള്‍ക്ക് തീ കൊടുത്ത് നാട്ടില്‍ നിലനില്‍ക്കുന്ന ഐക്യത്തിനും സമാധനത്തിനും വിള്ളല്‍ വരുത്താനുള്ള വ്യാമോഹം വ്യാമോഹമായി തന്നെ അവസാനിക്കും,” മുഖ്യമന്ത്രി പറഞ്ഞു

“ചിലര്‍ പ്രചരിപ്പിക്കുന്ന കാര്യത്തില്‍ വസ്തുതയുടെ പിന്‍ബലമില്ല. കേരളത്തിലെ മതപരിവര്‍ത്തനം, മയക്കുമരുന്ന് കേസുകള്‍, ഇവയിലെല്ലാം ഉള്‍പ്പെട്ട ആളുകളുടെ വിവരങ്ങള്‍ വിലയിരുത്തിയാല്‍ ന്യൂനപക്ഷ മതങ്ങള്‍ക്ക് പ്രത്യേക പങ്കാളിത്തം ഇല്ലെന്ന് മനസിലാകും. ഇതിനൊന്നും മതമില്ല. അങ്ങനെ ഉള്‍പ്പെടുത്താനും പറ്റില്ല. ക്രൈസ്തവരെ ഇസ്ലാം മതത്തിലേക്ക് മാറ്റുന്നു എന്ന ആശങ്ക അടിസ്ഥാന രഹിതമാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ പരാതികള്‍ ലഭിച്ചിട്ടില്ല,” മുഖ്യമന്ത്രി വ്യക്തമാക്കി.

“2019 വരെ ഐഎസില്‍ ചേര്‍ന്നതായി വിവരം ലഭിച്ച മലയാളികള്‍ 100 പേരാണ്. ഇതില്‍ 72 പേര്‍ തൊഴില്‍പരമായ ആവശ്യങ്ങള്‍ക്ക് വിദേശത്ത് പോയി, അതിന് ശേഷം ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായി ആ സംഘടനയില്‍ ചേര്‍ന്നവരാണ്. ഇതിലൊരാള്‍ ഒഴികെ ബാക്കിയുള്ളവര്‍ എല്ലാം ഇസ്ലാം മതത്തില്‍ ഉള്‍പ്പെട്ടവരാണ്. ബാക്കിയുള്ള 28 പേര്‍ ഐഎസ് ആശയത്തില്‍ വിശ്വസിച്ച് കേരളത്തില്‍ നിന്ന് പോയവരും. 28 പേരില്‍ അഞ്ച് പേര്‍ മാത്രമാണ് മത പരിവര്‍ത്തനം നടത്തി ഐഎസില്‍ ചേര്‍ന്നത്,” മുഖ്യമന്ത്രി വിശദമാക്കി.

യുവതി യുവാക്കൾ മതതീവ്ര നിലപാടുകളിൽ ആകൃഷ്ടരായി തീവ്രവാദ സംഘടനകളിലും മറ്റും എത്തിപ്പെടാതിരിക്കാൻ സർക്കാർ ശക്തമായ ഇടപെടൽ നടത്തുന്നുണ്ട്. ഇതിനായി സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് മുൻകൈ എടുത്ത് 2018 മുതൽ ഡീ റാഡിക്കലൈസേഷൻ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. തെറ്റായ നിലപാടുകളിൽ നിന്ന് പിന്തിരിപ്പിച്ചു അവരെ സാധാരണ മനോനിലയിലെത്തിക്കാനുള്ള ശ്രമമാണ് ഇങ്ങനെ തുടർച്ചയായി നടത്തുന്നത്. ചിട്ടയായും ഫലപ്രാപ്തിയോടെയും നടത്തി വന്ന ഈ പരിപാടികൾ കൊവിഡ് പശ്ചാത്തലത്തിൽ 2020 മുതൽ നിർത്തിവയ്ക്കേണ്ടി വന്നിട്ടുണ്ട്. അത് പുനരാരംഭിയ്ക്കും.

തീവ്ര മതനിലപാടുകൾ സ്വീകരിക്കുകയും ഐഎസ് ആശയങ്ങളോട് ആഭിമുഖ്യം പുലർത്തുകയും ചെയ്യുന്നതായി കണ്ട യുവാക്കളെ ഡീ റാഡിക്കലൈസേഷൻ പരിപാടികളിൽ പങ്കെടുപ്പിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. തീവ്ര മതനിലപാടുകളിലൂടെ ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരായി യുവാക്കൾ വഴി തെറ്റാതിരിക്കാൻ വിവിധ ജില്ലകളിലെ മഹല്ലുകളിലെ പുരോഹിതൻമാരെയും മഹല്ല് ഭാരവാഹികളെയും ഉൾപ്പെടുത്തി കൗണ്ടർ റാഡിക്കലൈസേഷൻ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

Also Read: സര്‍ക്കാരിന് അനങ്ങാപ്പാറ നയം; മുഖ്യമന്ത്രിയുടേത് കള്ളക്കളിയെന്ന് പ്രതിപക്ഷ നേതാവ്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Concerns about converting christians to islam baseless says kerala cm

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express