കണ്ണൂര്‍. അന്തരിച്ച മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ കൂത്തുപറമ്പ് വെടിവയ്പ്പിലെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പന്‍ എത്തി. തലശേരി ടൗണ്‍ ഹാളിലെത്തിയാണ് പ്രിയ സഖാവിനെ അവസാനമായി പുഷ്പന്‍ ഒരു നോക്കു കണ്ടത്.
തന്റെ എല്ലാ കാര്യങ്ങള്‍ക്കും കൂടെ നിന്ന് സഹായങ്ങള്‍ ചെയ്തു തന്ന സഖാവാണ് കോടിയേരി ബാലകൃഷ്ണനെന്ന് പുഷ്പന്‍ പറഞ്ഞതായി കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ പുഷ്പനെത്തിയതോടെ ടൗണ്‍ ഹാള്‍ വികാരനിര്‍ഭരമാവുകയായിരുന്നു.
ഇല്ലാ..ഇല്ലാ..മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന മുദ്രാവാക്യം ഹാളില്‍ മുഴങ്ങി. കാഴ്ചക്കാരായി നിന്നവരുടേയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും കണ്ണുകള്‍ നിറയുന്നതിനും ടൗണ്‍ ഹാള്‍ സാക്ഷിയായി. പാര്‍ട്ടി പ്രവര്‍ത്തകരുടെ സഹായത്തോടെയായിരുന്നു കിടപ്പിലായ പുഷ്പന്‍ എത്തിയത്.
1994 ലെ കൂത്തുപറമ്പ് വെടിവയ്പ്പില്‍ ഗുരുതര പരിക്കേറ്റ് തളര്‍ന്നു കിടക്കുന്ന പുഷ്പന് എല്ലാ സഹായങ്ങളും നല്‍കിയത് പാര്‍ട്ടിയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയായി വീണ്ടും ചുമതലയേറ്റപ്പോള്‍ കോടിയേരി പുഷ്പനെ സന്ദര്‍ശിച്ചിരുന്നു.
കോടിയേരി ബാലകൃഷ്ണന് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ തലശേരി ടൗണ്‍ ഹാളിലേക്കെത്തിയത് പതിനായിരങ്ങള്‍. വൈകുന്നേരം നാല് മണിയോടെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിലാപയാത്ര ടൗണ്‍ ഹാളിലെത്തിയത്.
ജനത്തിരക്ക് തുടര്‍ന്നതിനാല്‍ രാത്രി പത്ത് വരെ മൃതദേഹം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു. ശേഷം മാടപ്പീടികയിലെ വസതിയിലേക്ക് കൊണ്ടുപോയി. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തുടങ്ങിയവര്‍ കോടിയേരിയുടെ വസതിയിലെത്തി.
കോടിയേരിയെ അവസാനമായി ഒരു നോക്കു കാണാന്‍ വസതിയിലേക്കും നൂറുകണക്കിനാളുകളാണെത്തുന്നത്. നാളെ രാവിലെ പത്ത് മുതല്‍ വസതിയിലും 11 മുതൽ കണ്ണൂർ ജില്ല കമ്മിറ്റി ഓഫിസിലും പൊതുദർശനമുണ്ടാകും. വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലത്താണ് സംസ്കാരം.