കൊച്ചി: ചിത്രീകരണത്തിനിടെ പീഡനശ്രമത്തില്‍ നിന്നും ഓടി വന്ന 17കാരി തന്നോട് സഹായം അഭ്യര്‍ത്ഥിച്ചെന്ന രേവതിയുടെ വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്ന് പരാതി. പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്കെതിരേയും കുറ്റം ഇത്രയും കാലം മറച്ച് വച്ച രേവതിക്ക് എതിരേയും കേസെടുക്കണമെന്നാണ് അഭിഭാഷകനായ ജിയാസ് ജമാല്‍ എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതിപ്പെട്ടത്. ശനിയാഴ്ച സിനിമയിലെ വനിതാ കൂട്ടായ്മ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു രേവതിയുടെ വെളിപ്പെടുത്തല്‍.

ഒന്നര വര്‍ഷം മുമ്പ് ഒരു ഷൂട്ടിങ്ങിനിടെ പതിനേഴ് വയസ്സുള്ള ഒരു പെണ്‍കുട്ടി തന്റെ വാതിലില്‍ വന്ന് മുട്ടി രക്ഷിക്കണമെന്ന് പറഞ്ഞു കരഞ്ഞതായി നടി രേവതി പറഞ്ഞു. ’17 വയസായ ഒരു പെണ്‍കുട്ടി എന്റെ വാതിലില്‍ വന്ന് ‘ചേച്ചി എന്നെ രക്ഷിക്കണം’ എന്നു പറഞ്ഞ ഒരു സംഭവമുണ്ട്. ഇനിയാര്‍ക്കും ആ അനുഭവമുണ്ടാകരുത്. ആക്രമിക്കപ്പെട്ട നടിയുടെ പേരു പോലും പറയാനാകാതെ അവള്‍ക്കും സമൂഹത്തിനുമിടയില്‍ മറ സൃഷ്ടിക്കുന്നത് ശരിയല്ല’ എന്നാണ് രേവതി പറഞ്ഞത്.

അതേസമയം, പെണ്‍കുട്ടിയുടെ അനുവാദമില്ലാതെ അവരെക്കുറിച്ചോ ഈ സംഭവത്തെക്കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നും രേവതി വ്യക്തമാക്കി. പെണ്‍കുട്ടിയുടെ സമ്മതമുണ്ടങ്കില്‍ മാത്രമേ തനിക്ക് ഇതേക്കുറിച്ച് പൊലീസില്‍ പരാതിപ്പെടാന്‍ സാധിക്കൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അവര്‍ സമ്മതിച്ചാല്‍ തീര്‍ച്ചയായും താന്‍ നിയമപരമായി നീങ്ങുമെന്നും രേവതി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.