/indian-express-malayalam/media/media_files/uploads/2021/09/pic-3-4.jpg)
കോഴിക്കോട്. നിപ ബാധിച്ചു മരിച്ച പന്ത്രണ്ടു വയസുകാരന്റെ ഗ്രാമമായ ചാത്തമംഗലത്തെ പാഴൂര്‍ എന്ന പ്രദേശം നിശബ്ദതയിലാണ്. മനുഷ്യരോ വാഹനങ്ങളോ ഇല്ലാത്ത റോഡുകള്‍. കണ്ടൈന്‍മെന്റ് സോണുകളിള്‍ നിയന്ത്രണങ്ങള്‍ ഉറപ്പു വരുത്താനായി നിയമിച്ചിരിക്കുന്ന പൊലീസുകാരും സന്നദ്ധ പ്രവര്‍ത്തകരും മാത്രമാണുള്ളത്.
നിലവില്‍ 149 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ 274 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്ന 94 പേരില്‍ 88 പേര്‍ പരിശോധനയില്‍ നെഗറ്റീവ് ആയതായി കണ്ടെത്തിയിട്ടുണ്ട്. ചാത്തമംഗലം പഞ്ചായത്തില്‍ 12 വീടുകളില്‍ നിന്നായി 18 പേര്‍ നിരീക്ഷണത്തിലാണെന്ന് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ പറയുന്നു.
എന്നാല്‍ നെഗറ്റീവ് ഫലങ്ങള്‍ തുടര്‍ച്ചയായി വന്നിട്ടും നിപ ഭീതിയൊഴിയുന്നില്ല. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അതീവ ജാഗ്രതയാണ് കോഴിക്കോട് ജില്ലയില്‍. കോവിഡ് രോഗവ്യാപനം തുടരുന്നതിനിടയില്‍ നിപ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആശങ്ക വര്‍ധിക്കുകയാണുണ്ടായത്. കഴിഞ്ഞ രണ്ട് മാസമായി ഏറ്റവും അധികം പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന നിപ വൈറസ് ബാധിച്ചാല്‍ മരണ സാധ്യത 75 ശതമാനമാണ്. 2018 ലാണ് കേരളത്തില്‍ ആദ്യമായി നിപ സ്ഥിരീകരിച്ചത്. അന്ന് 17 മരണമാണ് സംഭവിച്ചത്. ആകെ വൈറസ് സ്ഥിരീകരിച്ചവരില്‍ 90 ശതമാനം ആളുകളും മരിച്ചു. നിപയ്ക്ക് ഇതുവരെ മരുന്നോ വാക്സിനോ കണ്ടു പിടിച്ചിട്ടില്ല.
"സെപ്തംബര്‍ അഞ്ചാം തിയതി രാവിലെ കണ്ട കാഴ്ച റോഡുകള്‍ എല്ലാം ബാരിക്കേഡ് ഉപയോഗിച്ച് അടച്ചതാണ്. എത്രത്തോളം ഭയാനകമാണ് കാര്യങ്ങളെന്ന് മനസിലാക്കുന്നതിന് മുന്‍പ് തന്നെ കുട്ടി നിപ ബാധിച്ച് മരിച്ച കാര്യം വാര്‍ത്തകളിലൂടെ അറിഞ്ഞിരുന്നു," പ്രദേശവാസിയായ കെ. റീന പറഞ്ഞു.
ബാരിക്കേഡുകള്‍ കടന്ന് യാത്ര ചെയ്യുന്നതിന് വിലക്കുണ്ട്. ഗ്രാമത്തിലേക്കുള്ള എല്ലാ അതിര്‍ത്തികളിലും കര്‍ശന പൊലീസ് പരിശോധനയാണുള്ളത്. നിപ ബാധിച്ച കുട്ടിയുമായി സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് 21 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനാണ് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. ജനങ്ങള്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താന്‍ മൊബൈല്‍ പട്രോളിങ് യൂണിറ്റുമുണ്ട്. അടിയന്തര ആവശ്യങ്ങള്‍ക്കായി മൂന്ന് ആംബുലന്‍സുകളും പഞ്ചായത്തിന് നല്‍കിയിട്ടുണ്ട്. കൊവിഡ് ചികിത്സക്ക് മാത്രമാണ് പ്രദേശത്ത് നിന്ന് പുറത്തേക്ക് പോകാന്‍ അനുവാദമുള്ളത്. നിലവില്‍ പഞ്ചായത്തില്‍ 415 പേര്‍ക്കാണ് കോവിഡുള്ളത്.
"കോവിഡിനെ നേരിടാന്‍ കഴിയുമെന്നായിരുന്നു ഞങ്ങള്‍ കരുതിയിരുന്നത്. അതിനാല്‍ ആരും അധികം ശ്രദ്ധ ചെലുത്തിയില്ല. ഗ്രാമം കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടും എല്ലാവരും സ്വതന്ത്രമായി ചുറ്റി നടന്നു. പക്ഷെ നിപ വ്യത്യസ്തമാണ്. എല്ലാവരും ഭയത്തിലാണ്. അപകടത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം," പ്രവാസികൂടിയായ മുഹമ്മദ് അനസ് പറഞ്ഞു.
ചാത്തമംഗലം പഞ്ചായത്തില്‍ കൂടുതലായും ഉള്ളത് കോണ്‍ക്രീറ്റ് വീടുകളാണ്. ടാര്‍ ഇട്ട റോഡുകളാണ് ഇവയയെല്ലാം ബന്ധിപ്പിക്കുന്നതും. ഇടയില്‍ വയലുകളും, വാഴത്തോട്ടങ്ങളുമെല്ലാമുണ്ട്. പഴങ്ങള്‍ കഴിക്കുന്ന വവ്വാലില്‍ നിന്നാണോ നിപ പകര്‍ന്നതെന്ന സംശയത്തിലാണ് നിലവില്‍ ആരോഗ്യ വകുപ്പ്. അസാധരാണമായ പനിയോ, മരണങ്ങളോ കഴിഞ്ഞ ആഴ്ചകളില്‍ സംഭവിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ അന്വേഷിച്ച് വരികയാണ്. 13,000 വീടുകളിലായി 55,000 പേരാണ് പഞ്ചായത്തിലുള്ളത്.
"പനി ബാധിച്ച ചില കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അസാധാരണമായ മരണങ്ങള്‍ സംഭവിച്ചിട്ടില്ല. ജനങ്ങള്‍ നിയന്ത്രണങ്ങളോട് പൂര്‍ണമായി സഹകരിക്കുന്നുണ്ട്. കണ്ടൈന്‍മെന്റ് സോണിലുള്ള വീടുകളില്‍ ഭക്ഷ്യക്കിറ്റ് വിതരണം നടത്തുന്നുണ്ട്," പഞ്ചായത്ത് പ്രസിഡന്റ് ഗഫൂര്‍ പറഞ്ഞു.
പ്രദേശത്തെ പല വീടുകളിലും ഫലവൃക്ഷങ്ങള്‍ ഉണ്ടെന്നാണ് ആരോഗ്യ പ്രവര്‍ത്തകയായ അഞ്ജു പറയുന്നത്. "വവ്വാലുകള്‍ ഇത്തരം മരങ്ങളിലാവും ഉണ്ടാകുക. പ്രത്യേകിച്ചും പേര മരങ്ങളില്‍. ശേഖരിച്ച എല്ലാ വിവരങ്ങളും ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കും. കണ്‍ട്രോള്‍ റൂമിലുള്ളവര്‍ക്ക് എളുപ്പത്തില്‍ വിവരങ്ങള്‍ ലഭിക്കും," അഞ്ജു പറഞ്ഞു.
നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പഴക്കച്ചവടത്തില്‍ ഇടിവ് വന്നതായാണ് വ്യാപാരികള്‍ പറയുന്നത്. "ആരും പഴങ്ങള്‍ വാങ്ങുന്നില്ല. പ്രത്യേകിച്ചും റംപൂട്ടാനും, പൈനാപ്പിളും. വവ്വാലിന്റെ സാന്നിധ്യമുണ്ടായിരുന്നതാണോ എന്ന് ജനങ്ങള്‍ സംശയിക്കുന്നു. അടുത്തൊന്നും പഴക്കച്ചവടം പഴയ നിലയിലേക്കെത്താന്‍ സാധ്യതയില്ല," വ്യാപാരിയായ ഷിനില്‍ പ്രസാദ് പറഞ്ഞു.
സാമൂഹിക പ്രവര്‍ത്തകനായ ഗിരീഷ് എം. പ്രദേശത്ത് നിലനില്‍ക്കുന്ന സാഹചര്യത്തെക്കുറിച്ച് ആശങ്ക പങ്കുവച്ചു. "എത്രകാലം ഇങ്ങനെ വീടിനുള്ളില്‍ കഴിയേണ്ടി വരുമെന്ന് ആര്‍ക്കും അറിയില്ല. ദിവസ വേതനത്തിന് ജോലി ചെയ്യുന്നവരെല്ലാം നിരീക്ഷണത്തിലാണ്. അവര്‍ക്ക് ജോലി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. രണ്ട് ആഴ്ചയോളമായി കോവിഡ് നിയന്ത്രണങ്ങളുമുണ്ട്. പുറത്തിറങ്ങാനാകുന്ന ദിവസം കാത്തിരിക്കുകയാണ് എല്ലാവരും," ഗിരീഷ് കൂട്ടിച്ചേര്‍ത്തു.
Also Read: നിപ: സമ്പര്‍ക്കപ്പട്ടികയിലെ 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.