തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ ഭൂപടവും ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടും പ്രസിദ്ധീകരിച്ചതിന് പിന്നാലെ സര്‍ക്കാരിന് മുന്നില്‍ പരാതി പ്രളയം. ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കുമെന്നാണ് സര്‍ക്കാര്‍ വാദമെങ്കിലും ഉപഗ്രഹ സര്‍വേ പ്രകാരം വന്ന റിപ്പോര്‍ട്ടില്‍ ജനവാസ മേഖലയും ഉള്‍പ്പെട്ടതായാണ് പരാതി. വീടുകളും കെട്ടിടങ്ങളും ബഫര്‍ സോൺ പരിധിയില്‍ ഉള്‍പ്പെട്ടതിന്റെ ചിത്രങ്ങള്‍ സഹിതം പരാതികള്‍ ലഭിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് പറയുന്നു.
ഇന്നലെ പുലര്‍ച്ചെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഭൂപടവും ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടും പ്രസിദ്ധീകരിച്ചത്. സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയിലെ സ്ഥാപനങ്ങള്‍, വീടുകള്‍, മറ്റു നിര്‍മാണങ്ങള്‍, വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് സംസ്ഥാനം തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടാണ് പ്രസിദ്ധീകരിച്ചത്.
പഞ്ചായത്തുതല, വില്ലേജുതല സര്‍വേ നമ്പര്‍ ഉള്‍പ്പെടെയുള്ള നിര്‍മിതികളുടെ വിവരങ്ങളും മാപ്പുമാണ് ഇതിലുള്ളത്. ഇതുപ്രകാരം ജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ജനുവരി 11 ന് സുപ്രീം കോടതി കേസ് പരിഗണിക്കും മുന്‍പ് ഫീല്‍ഡ് സര്‍വേ നടത്തി റിപ്പോര്‍ട്ടുകള്‍ പുതുക്കി നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
അതേസമയം, സൈലന്റ് വാലി ദേശീയോദ്യാനത്തിന് ചുറ്റുമുള്ള പരിസ്ഥിതി ലോല പ്രദേശത്തിന്റെ ആകാശ സര്‍വേ ഭൂപടത്തില്‍ പിഴവുണ്ടെന്നാണ് ഡിഎഫ്ഒ എസ്.വിനോദ് അറിയിക്കുന്നത്. സൈലന്റ് വാലിക്ക് നേരത്തെ തന്നെ ബഫര്‍ സോണ്‍ ഉള്ളതിനാല്‍, കൂട്ടിച്ചേര്‍ക്കല്‍ വേണ്ടിവരില്ല. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിഎഫ്ഒ അറിയിച്ചു.