തൃശൂർ: മദ്യവിതരണത്തിനായുള്ള വെർച്വൽ ക്യൂ ആപ്പിനെതിരെ സർവത്ര പരാതി. ബെവ് ക്യൂ ആപ്പ് പലപ്പോഴായി പണിമുടക്കിയത് സംസ്ഥാനത്തെ മദ്യ വില്പന താറുമാറാക്കി. ഒരു സമയം അഞ്ച് പേരിൽ കൂടുതൽ വരിയിൽ നിൽക്കരുതെന്ന നിർദേശം കാറ്റിൽപറത്തിയായിരുന്നു പല മദ്യ വിൽപ്പനശാലകൾക്കും മുന്നിൽ നീണ്ട ക്യൂ. സാമൂഹിക അകലം പാലിക്കാതെയാണ് പല ബാറുകളിലും ഔട്ട്‌ലെറ്റുകളിലും മദ്യം വിറ്റത്.

മദ്യം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ബെവ് ക്യൂ ആപ്പിലൂടെ ടോക്കൺ എടുക്കാൻ സാധിക്കുന്നില്ല എന്നതിനേക്കാൾ വലിയ പരാതിയാണ് മദ്യം വിൽക്കുന്നവരിൽ നിന്ന് ഉയർന്നുകേൾക്കുന്നത്. “ക്യു ആർ കോഡ് സ്‌കാൻ ചെയ്യാനുള്ള സജ്ജീകരണം ബെവ് ക്യൂ ആപ്പിൽ ലഭ്യമാകുന്നില്ല. അതിനാൽ പലയിടത്തും ബിൽ എഴുതി നൽകേണ്ട അവസ്ഥയാണ്.” ക്യു ആർ കോഡ് സ്‌കാൻ ചെയ്യാൻ സാധിക്കുമായിരുന്നെങ്കിൽ ഒരാൾക്ക് മദ്യം നൽകാൻ പരമാവധി രണ്ട് മിനിറ്റേ വേണ്ടി വരൂ എന്നാണ് നിയ റീജൺസി ഹോട്ടൽ ഉടമ പ്രമോദ് കുമാർ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞത്.
Read Also: ബെവ്ക്യു ടോക്കണ്‍ സ്‌ക്രീന്‍ ഷോട്ട് കൈമാറരുത്; കാരണമിതാണ്

“ക്യൂ ആർ കോഡ് സ്‌കാൻ ചെയ്‌ത് മദ്യം നൽകാൻ ഒരു മിനിറ്റേ വേണ്ടൂ, പരമാവധിയാണ് രണ്ട് മിനിറ്റ്. അതിലും കൂടുതൽ വേണ്ടിവരില്ല. ഇതിപ്പോൾ ബെവ് ക്യൂ ആപ്പ് വഴി ക്യു ആർ കോഡ് സ്‌കാൻ ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. രാവിലെ മുതൽ സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. മദ്യം വാങ്ങാനെത്തുന്ന ആളുടെ വിവരം എഴുതിയെടുക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ ഒരാൾക്ക് മിനിമം ഏഴ് മിനിറ്റ് ചെലവാകുന്നു. അതുകൊണ്ടാണ് ഇത്രയും തിരക്ക്,” പ്രമോദ് കുമാർ പറഞ്ഞു.
ഇപ്പോഴത്തെ സജ്ജീകരണം സർവത്ര ആശയക്കുഴപ്പം ഉണ്ടാക്കുന്നതായും സാമൂഹിക അകലം പാലിക്കാൻ പരമാവധി പരിശ്രമിച്ചെങ്കിലും തിരക്ക് നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നും പ്രമോദ് കുമാർ കൂട്ടിച്ചേർത്തു.
ആദ്യദിനം 2.25 ലക്ഷം പേര്‍ ബെവ് ക്യു ആപ്പ് വഴി മദ്യം വാങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആദ്യ ദിവസത്തെ സാങ്കേതിക തടസങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് എക്‌സെെസ് വകുപ്പ് അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കോവിഡ് മാര്‍ഗ നിര്‍ദ്ദേശം പാലിച്ചാണ് സംസ്ഥാനത്ത് ഇന്ന് മദ്യവില്‍പന നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉച്ചകഴിഞ്ഞ് 2.45 നു മദ്യം വിതരണം ചെയ്‌തത് രാവിലെ 11.30 ന് ടെെം സ്ലോട്ട് കിട്ടിയ വ്യക്തിക്കാണ്. ആ സമയത്ത് എഴുപതിലധികം പേർ വരിയിൽ ഉണ്ട്. പലരും അടുത്തടുത്ത് നിൽക്കുന്ന കാഴ്‌ചയാണ് കണ്ടത്. മാസ്‌ക് ധരിക്കാതെയും ആളുകൾ എത്തുന്നുണ്ട്. സാധാരണ രീതിയിൽ വരി നിന്നു മദ്യം വാങ്ങുകയാണെങ്കിൽ ഇത്രയും ബുദ്ധിമുട്ടില്ലെന്നാണ് പലരുടെയും അഭിപ്രായം. ആളുകളെ ചുറ്റിക്കുന്ന ആപ്പാണല്ലോ ഇതെന്ന് വരിയിൽ നിൽക്കുന്നവർ പരസ്‌പരം പറയുന്നുണ്ട്.
അതിനിടയിലാണ് പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മധ്യവയസ്‌കൻ ഇങ്ങനെ പറയുന്നത് കേട്ടത് ” ഇതെന്തൂട്ട് ആപ്പാ, നേരം കുറേയായി വരിനിൽക്കുന്നു. 12 മണിക്ക് വരാൻ പറഞ്ഞ് മെസേജ് വന്നതാണ്. ഇപ്പോ മണി മൂന്നായി. ഭക്ഷണം പോലും കഴിക്കാതെയാണ് വരി നിൽക്കുന്നത്. ഞങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഇവിടെ ഒരു സർക്കാരും ഇല്ല,” അയാൾ പറയുന്നത് കേട്ട് വരിയിൽ നിൽക്കുന്ന പലരും ചിരിച്ചു.
“പുലർച്ചെ മൂന്ന് മണി വരെ ഫോണിൽ കുത്തിയിരുന്നിട്ടാ നമ്പർ കിട്ടിയത് തന്നെ. ഇവിടെ വന്നപ്പോൾ അതിനേക്കാൾ കഷ്‌ടമാണ് കാര്യങ്ങൾ. ഇതിലും നല്ലത് പഴയപോലെ വരിയിൽ നിന്ന് കുപ്പി വാങ്ങുന്നതാണ്.” വരിയിൽ നിൽക്കുന്ന യുവാക്കളുടെ വിഷമം ഇതാണ്.
Read Also: ഒരു 500 കിട്ടാൻ വകുപ്പുണ്ടോ? മാധ്യമപ്രവർത്തകനെ ഞെട്ടിച്ച ചോദ്യം
രാവിലെ മുതൽ പലയിടത്തും ഇതാണ് അവസ്ഥ. ബാറുകൾക്കു മുൻപിലും ബിവറേജസ് ഔട്ട്‌ലറ്റുകൾക്കും മുൻപിലും നീണ്ട വരിയുണ്ട്. വെർച്വൽ ക്യൂ സിസ്റ്റം പൂർണമായി പരാജയപ്പെട്ടെന്നാണ് ഈ നിയന്ത്രണാതീതമായ തിരക്കിൽ നിന്ന് വ്യക്തമാകുന്നത്. ക്യൂ ആർ കാേഡ് കൃത്യമായി സ്‌കാൻ ചെയ്യാൻ സാധിച്ചാൽ ഇത്ര ബുദ്ധിമുട്ടുണ്ടാകില്ലെന്നും തൃശൂർ ജില്ലയിലെ ബാറുടമകൾ പറഞ്ഞു.
അതേസമയം, മദ്യം വാങ്ങാൻ എത്തുന്നവർക്ക് സാനിറ്റെെസർ അടക്കമുള്ള മുൻകരുതൽ തയ്യാറാക്കിയിട്ടുണ്ട്. ശരീരതാപനില പരിശോധിച്ച ശേഷമാണ് ആളുകളെ ഉള്ളിലേക്ക് കടത്തിവിടുന്നത്. എന്നാൽ, സാമൂഹിക അകലം പാലിക്കാൻ സാധിക്കാത്തത് വലിയ വെല്ലുവിളിയാണ്.
കൊച്ചിയിൽ പലയിടത്തും ആഗ്രഹിക്കുന്ന ബ്രാൻഡുകൾ ലഭിച്ചില്ല എന്നതായിരുന്നു പ്രശ്‌നം. വില കൂടിയ ബ്രാൻഡുകൾ മാത്രമായിരുന്നു പല മദ്യവിൽപ്പനശാലകളിലും ലഭിച്ചത്. സാധാരണക്കാർ ആവശ്യപ്പെടുന്നതനുസരിച്ച് 500 നും 750 ഇടയിൽ വിലയിലുള്ള ബ്രാൻഡുകൾ ലഭ്യമായിരുന്നില്ല. രാവിലെ 9.30 ന് ടെെം സ്ലോട്ട് ലഭിച്ച പലർക്കും 12.30 നാണ് മദ്യം വാങ്ങാൻ സാധിച്ചത്.
കോഴിക്കോട് പെരുവണ്ണാമൂഴി സ്വദേശി ബിജോയ് ഇന്നലെ വൈകീട്ട് മുതൽ ടോക്കൺ ലഭിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയത് ഇന്ന് പുലർച്ചെ 2.30 നാണ്. കൗണ്ടര്‍ ലഭിച്ചത് 20 കിലോ മീറ്റർ അകലെയുള്ള കാവിലുംപാറ ഔട്ട്‌ലെറ്റിൽ. ഇത്രയും ദൂരെ ആയതിനാൽ മദ്യം വാങ്ങാൻ പോയില്ല. ഏറ്റവും അടുത്തുള്ള ഔട്ട്ലെറ്റ് 10 കിലോമീറ്റർ അടുത്തുള്ള പേരാമ്പ്രയാണ്. അടുത്തുള്ള ഔട്ട്ലെറ്റിലേക്ക് ടോക്കൺ ലഭിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നാണ് ബിജോയിയെ പോലുള്ളവരുടെ ആവശ്യം. നിലവിൽ ഔട്ട്ലെറ്റ് തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷൻ ബെവ് ക്യൂ ആപ്പിൽ ലഭ്യമല്ല.