ചേര്‍പ്പ്: വനിതാ എംഎല്‍എക്കെതിരെ കോണ്‍ഗ്രസ് ജാതീയമായ അധിക്ഷേപം നടത്തിയെന്ന് പരാതി. നാട്ടിക എംഎല്‍എയും സിപിഐ നേതാവുമായ ഗീതാ ഗോപിയാണ് പൊലീസിന് പരാതി നല്‍കിയത്. താന്‍ സമരം ചെയ്ത സ്ഥലത്ത് ചാണകം വെള്ളം തളിച്ച് കോണ്‍ഗ്രസ് പ്രതിഷേധിച്ചത് ജാതീയമായ അധിക്ഷേപം തന്നെയാണെന്ന് ഗീതാ ഗോപി എംഎല്‍എ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
താന്‍ കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ച സംഭവത്തില്‍ ഗീതാ ഗോപി എംഎല്‍എ ഇന്നലെ രാത്രിയാണ് ചേര്‍പ്പ് പൊലീസിന് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കുമെന്നും ഗീതാ ഗോപി പറഞ്ഞു. താന്‍ ഒരു പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള എംഎല്എയായതിനാലാണ് യൂത്ത് കോണ്‍ഗ്രസ് ഇങ്ങനെയൊരു പ്രതിഷേധം നടത്തിയതെന്നും ചേര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.വിനോദ് കുറേനാളുകളായി തന്നെ വ്യക്തിപരമായി വേട്ടയാടുന്നുണ്ടെന്നും ഗീതാ ഗോപി എംഎല്‍എ പറഞ്ഞു.
താന്‍ ഇരുന്നിടത്ത് മാത്രമാണ് കോണ്‍ഗ്രസുകാര്‍ ചാണകം വെള്ളം തളിച്ചത്. വേറെയും കുറേ പേര് എനിക്കൊപ്പം പിഡബ്ല്യൂഡി ഓഫീസിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. എന്തുകൊണ്ടാണ് എന്നെ മാത്രം ലക്ഷ്യം വച്ച് അവര്‍ ഇങ്ങനെയൊരു പ്രതിഷേധം നടത്തിയത്? ഇത് പ്രകടമായ ജാതീയ അധിക്ഷേപം തന്നെയാണ്. കുറേ നാളായി തന്നെ വേട്ടയാടുന്നു. ചേര്‍പ്പ് പ്രസിഡന്റ് സി.കെ.വിനോദിന്റെ നേതൃത്വത്തില്‍ ഇതിനു മുന്‍പ് എന്റെ കോലം കത്തിച്ച് കനാലിലൊഴുക്കിയിട്ടുണ്ട്. മണ്ഡലത്തിന് വേണ്ടി ചെയ്ത പ്രവര്‍ത്തനങ്ങളെല്ലാം ജനങ്ങള്‍ കാണുന്നുണ്ട്. അവര്‍ക്ക് എല്ലാം അറിയാമെന്നും ഗീതാ ഗോപി എംഎല്‍എ പറഞ്ഞു. എംഎല്‍എ നാടകം കളിക്കുകയാണെന്ന കോണ്‍ഗ്രസുകാരുടെ ആരോപണങ്ങളും ഗീതാ ഗോപി തള്ളികളഞ്ഞു. അതേസമയം, എംഎല്‍എക്കെതിരെ പ്രതിഷേധം നടത്തുകയാണ് ചെയ്തതെന്നും അതില്‍ ജാതീയമായ അധിക്ഷേപം ഇല്ലെന്നും യൂത്ത് കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നു.
ചേര്‍പ്പ്-തൃപ്രയാര്‍ റോഡ് നന്നാക്കാത്തതിന് ഉത്തരവാദി എംഎല്‍എയാണെന്ന് ആരോപിച്ച് കഴിഞ്ഞദിവസം നാട്ടുകാര്‍ ഗീതാ ഗോപിയെ വഴിയിൽ തടഞ്ഞിരുന്നു. ഈ റോഡില്‍ ഒരു അപകടം ഉണ്ടായതിനു പിന്നാലെയായിരുന്നു ഇത്. തുടര്‍ന്ന് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്ന വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് എംഎൽഎ പിഡബ്ല്യൂഡി ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. പിഡബ്ലൂഡി ഉദ്യോഗസ്ഥരും എംഎല്‍എയും തമ്മില്‍ പ്രശ്നപരിഹാരത്തിനുള്ള ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് പിഡബ്ല്യുഡി ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയിൽ പരിഹാരം കണ്ടത്. ഇതിനു പിന്നാലെ കുത്തിയിരുപ്പ് സമരം നടത്തി ഗീതാ ഗോപി എംഎൽഎ മടങ്ങുകയും ചെയ്തു. എന്നാൽ, അതിനു പിന്നാലെ യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ എത്തി ഗീതാ ഗോപി എംഎൽഎ കുത്തിയിരുപ്പ് സമരം നടത്തിയ സ്ഥലം ചാണകം തളിച്ച് ചൂലുകൊണ്ട് അടിച്ചുവൃത്തിയാക്കി. ഇത് ജാതീയമായ അധിക്ഷേപമാണെന്ന് സിപിഐയും എംഎൽഎയും ആരോപിച്ചതോടെ പ്രശ്നം ഗുരുതരമാകുകയായിരുന്നു.