തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി എന്നിവർ പീഡിപ്പിച്ചെന്ന സരിതയുടെ പരാതിയില്‍ രഹസ്യമൊഴി വെള്ളിയാഴ്ച വനിത മജിസ്ട്രേറ്റ് രേഖപ്പെടുത്തും. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്ന് ദീപാ മോഹനാണ് മൊഴി രേഖപ്പെടുത്തുക. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ രഹസ്യ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് അന്വേഷണസംഘം അപേക്ഷ സമർപ്പിച്ചിരുന്നു.
ഉമ്മന്‍ ചാണ്ടിയും കെ.സി വേണുഗോപാലും തന്നെ പീഡിപ്പിച്ചത് ഔദ്യോഗിക വസതികളില്‍ വച്ചാണെന്ന് സരിത പരാതിയില്‍ പറയുന്നതായി എഫ്ഐആറില്‍ ഉണ്ട്. അന്വേഷണ തലവന്‍ എഡിജിപി അനില്‍ കാന്തിന് സരിത പരാതി നല്‍കിയത്.
2012 ല്‍ ഒരു ഹര്‍ത്താല്‍ ദിനത്തില്‍ ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ ചാണ്ടി തന്നെ പീഡിപ്പിച്ചുവെന്ന് സരിത പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. മുന്‍ എം.പി കെ.സി വേണുഗോപാലിനെതിരെയാണ് മറ്റൊരു മൊഴി. മുന്‍ മന്ത്രി എ.പി അനില്‍ കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ വച്ച് വേണുഗോപാല്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചുവന്ന് സരിത മൊഴി നല്‍കിയതായി എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.