തൃശൂർ: അശ്രദ്ധയോടെ ശസ്‌ത്രക്രിയ നടത്തിയെന്ന് ആരോപിച്ച് തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്‌ടർക്കെതിരെ പരാതി. ശസ്‌ത്രക്രിയക്കിടെ വയറിനുള്ളിൽ കത്രിക മറന്നുവച്ചതായാണ് ആരോപണം. തൃശൂർ മെഡിക്കൽ കോളേജിലെ ഡോ.പോളി ടി.ജോസഫിനെതിരെ കണിമംഗലം സ്വദേശി ജോസഫ് പോളാണ് പരാതി നൽകിയത്. തൃശൂർ സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മിഷണർക്കാണ് പരാതി നൽകിയിരിക്കുന്നത്.

ഏപ്രിൽ ആദ്യ ആഴ്‌ചയിൽ മഞ്ഞപ്പിത്തത്തെത്തുടർന്ന് ജോസഫ് പോൾ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പാൻക്രിയാസിൽ തടിപ്പുണ്ടെന്നും ഉടൻ ശസ്‌ത്രക്രിയയ്ക്കു വിധേയനാകണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകളുള്ളതിനാൽ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഏപ്രിൽ 25നു ഡോ.പോളി ടി.ജോസഫിനെ കാണുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മേയ് അഞ്ചിനു ശസ്‌ത്രക്രിയക്കു വിധേയനാകുകയും ചെയ്തതായി പരാതിക്കാരൻ പറയുന്നു.

ഡോക്‌ടറുടെ നിർദേശമനുസരിച്ച് മേയ് 12 നു ഒരു ശസ്‌ത്രക്രിയക്കു കൂടി വിധേയനായി. 30 വരെ ആശുപത്രിൽ തുടർന്നു. ഡിസ്‌ചാർജ് ചെയ്‌തു ഒരാഴ്‌ച കഴിഞ്ഞ് വീണ്ടും ആശുപത്രിയിലെത്തിയപ്പോൾ സ്‌കാനിങ് നടത്തി. വയറിൽ പഴുപ്പുണ്ടെന്നും വീണ്ടും ശസ്‌ത്രക്രിയ ചെയ്യണമെന്നും ഡോക്‌ടർ ആവശ്യപ്പെട്ടു. ഉടൻ അഡ്‌മിറ്റ് ആകണമെന്ന് ഡോക്‌ടർ പറഞ്ഞതോടെ സംശയം കാരണം സ്വകാര്യ ലാബിൽ പോയി എക്‌സ് റേ എടുത്തതോടെയാണു വയറിനുള്ളിൽ കത്രികയുള്ളതായി മനസിലായതെന്നു ജോസഫ് പോളിന്റെ മകൻ ഫെബിൽ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

പിന്നീട് തൃശൂരിലെ  സ്വകാര്യ ആശുപത്രിയിൽ നടത്തിയ സിടി സ്‌കാനിലും വയറിനുള്ളിൽ കത്രിക കണ്ടെത്തി. ഈ ആശുപത്രിയിൽവച്ച് ശസ്‌ത്രക്രിയക്കു വിധേയനാകുകയും കത്രിക പുറത്തെടുക്കുകയും ചെയ്‌തതായി പരാതിയിൽ പറയുന്നു. ഇക്കാര്യം ഡോ.പോളിയെ അറിയിച്ചപ്പോൾ ശസ്‌ത്രക്രിയക്കിടെ ഇങ്ങനെയെല്ലാം സംഭവിക്കുന്നത് സ്വാഭാവികമാണെന്ന തരത്തിൽ മോശം പ്രതികരണമാണുണ്ടായതെന്ന് കുടുംബം ആരോപിച്ചു.

ഇന്നലെയാണ് ഇവർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. പരാതി ലഭിച്ചതായി സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസ് പറഞ്ഞു. ജോസഫ് പോളിന്റെ കുടുംബം മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പരാതി നൽകിയിട്ടുണ്ട്.  പരാതി ലഭിച്ചതായും അന്വേഷണം നടത്തുമെന്നും സൂപ്രണ്ട് ഓഫീസ് അധികൃതർ പറഞ്ഞു.

Read more: കോവിഡ്-19 മൂലം ജോലി നഷ്ടമായി; ജീവിക്കാന്‍ ഫുട്‌ബോള്‍ പരിശീലകര്‍ പച്ചക്കറിയും കബാബും വില്‍ക്കുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.