കൊച്ചി: കശ്മീരിനെക്കുറിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വിവാദ പരാമർശങ്ങൾ പിൻവലിച്ച് കെ ടി ജലീൽ എം എൽ എ. കശ്മീർ യാത്രയുമായി ബന്ധപ്പെട്ട കുറിപ്പിലെ ‘ആസാദ് കശ്മീര്‍’ പരാമര്‍ശം വിവാദമാകുകയും സി പി എം തള്ളിപ്പറയുകയും ചെയ്തതിനു പിന്നാലെയാണു ജലീൽ വരികൾ പിൻവലിച്ചത്.
” നിയമസഭയുടെ പ്രവാസി ക്ഷേമ സമിതിയുടെ അംഗം എന്ന നിലയിൽ കശ്മീർ സന്ദർശിച്ചപ്പോൾ ഞാനെഴുതിയ യാത്രാ കുറിപ്പിലെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണക്ക് ഇട വരുത്തിയത് എന്റെ ശ്രദ്ധയിൽ പെട്ടു. ഞാനുദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികൾ നാടിന്റെ നൻമക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിൻവലിച്ചതായി അറിയിക്കുന്നു,” ജലീൽ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
യാത്രയുമായി ബന്ധപ്പെട്ട ഇന്നത്തെ കുറിപ്പിൽ ഇന്നലത്തെ പോസ്റ്റിനെ ജലീൽ ന്യായീകരിച്ചിരുന്നു. ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഡബിൾ ഇൻവർട്ടഡ് കോമയിലാണ് “ആസാദ് കശ്മീർ”എന്നെഴുതിയതെന്നും ഇതിന്‍റെ അർത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമെന്നുമായിരുന്നു ആദ്യ പോസ്റ്റിൽ അദ്ദേഹം കുറിച്ചത്. എന്നാൽ സി പി എം കയ്യൊഴിഞ്ഞതോടെ ജലീൽ തിരുത്താൻ തയാറാകുകയായിരുന്നു.
അതിനിടെ, ജലീലിന്റെ നിലപാടിനെ സി പി എം തള്ളി. ജലീലിന്റേതു പാര്‍ട്ടി നിലപാടെല്ലെന്നു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മന്ത്രിയുമായ എം വി ഗോവിന്ദന്‍ കണ്ണൂരില്‍ പറഞ്ഞു.
”ഇന്ത്യയെക്കുറിച്ചും കശ്മീരിനെക്കുറിച്ചും സി പി എമ്മിനു വ്യക്തമായ നിലപാടുണ്ട്. അതല്ലാതെ വരുന്നതൊന്നും പാര്‍ട്ടി നിലപാടല്ല. എന്തടിസ്ഥാനത്തിലാണു പരാമര്‍ശം നടത്തിയതെന്ന് ജലീലിനോട് ചോദിക്കണം,” മന്ത്രി പറഞ്ഞു.
അതിനിടെ ‘ആസാദ് കശ്മീര്‍’ പരാമര്‍ശം നടത്തിയ കെ ടി ജലീല്‍ എം എല്‍ എയ്‌ക്കെതിരെ ഡല്‍ഹിയില്‍ പരാതി സമർപ്പിക്കപ്പെട്ടിട്ടുണ്ട്. തിലക് മാര്‍ഗ് പൊലീസ് സ്‌റ്റേഷനില്‍ ജി എസ് മണി എന്ന അഭിഭാഷകനാണു പരാതി നല്‍കിയത്.
ജലീലിന്റെ പരാമര്‍ശത്തിനെതിരെ ബി ജെ പി ശക്തമായി രംഗത്തെത്തിയിരുന്നു. രാജ്യതാല്‍പ്പര്യത്തിനെതിരായാണു ജലീല്‍ സംസാരിക്കുന്നതെന്നു കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു.
”രാജ്യതാല്‍പ്പര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഇത്തരക്കാര്‍ കോണ്‍ഗ്രസിലോ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലോ ആണ് പ്രവര്‍ത്തിക്കുന്നത്. പാകിസ്ഥാാന്റെ കൈവശമുള്ള കശ്മീരിനെ പാക് അധീന കശ്മീര്‍ എന്നാണ് നാം വിശേഷിപ്പിക്കാറ്. അതിനു പകരം ഇങ്ങനെയൊണു വിശേഷിപ്പിക്കുന്നതെങ്കില്‍ അവര്‍ രാജ്യദ്രോഹികളാണ്. കേരള സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം” മന്ത്രി ആവശ്യപ്പെട്ടു. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നു ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.
ജലീലിന്റെ രാജ്യവിരുദ്ധ പരാമര്‍ശം ബോധപൂര്‍വമെങ്കില്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ”പ്രതിഷേധാര്‍ഹമായ പരാമര്‍ശമാണു കെ ടി ജലീല്‍ ഫെയ്്‌സ്ബുക്ക് പോസ്റ്റിലൂടെ നടത്തിയത്. പാക്കിസ്ഥാന്‍ അവരുടെ നയതന്ത്ര വേദികളില്‍ പറയുന്ന വാക്കാണത്. അദ്ദേഹം അതു പിന്‍വലിച്ച് പൊതുസമൂഹത്തോട് പറയണം. സി പി എമ്മിന്റെയും മുഖ്യമന്ത്രിയുടെയും അറിവോടെയാണോ ജലീല്‍ ഈ പരാമര്‍ശം നടത്തുന്നതെന്ന് അവര്‍ വ്യക്തമാക്കണം,”അദ്ദേഹം പാലക്കാട്ട് പറഞ്ഞു.
‘ആസാദ് കശ്മീര്‍’, ‘ഇന്ത്യന്‍ അധീന ജമ്മു കശ്മീര്‍’ എന്നീ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട ജമ്മു കശ്മീരിനെക്കുറിച്ചുള്ള കുറിപ്പ് ഇന്നലെയാണു കെ ടി ജലീല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ‘പാക്കിസ്ഥാനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം ‘ആസാദ് കാശ്മീര്‍’എന്നറിയപ്പെട്ടു’, ‘ജമ്മുവും കശ്മീര്‍ താഴ്വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന ജമ്മു കശ്മീര്‍’ എന്നാണു ജലീല്‍ കുറിപ്പില്‍ പറഞ്ഞത്.