കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് സമൻസ്. അടുത്തമാസം 11ന് നേരിട്ട് ഹാജരാകണമെന്ന് പൊലീസ് അറിയിച്ചു. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിലാണ് ഹാജരാകേണ്ടത്. പൊലീസ് ജലന്ധറിലെത്തി ഫ്രാങ്കോ മുളയ്ക്കലിന് സമൻസ് കൈമാറി.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തന്നെ അപമാനിക്കുന്നുവെന്ന ആരോപണവുമായി പരാതിക്കാരിയായ കന്യാസ്ത്രീ രംഗത്തെത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്നാണ് പരാതി. അനുയായികളിലൂടെ യൂട്യൂബ് ചാനലുകളുണ്ടാക്കി ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയിൽ പറയുന്നു. ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനുമാണ് പരാതി നൽകിയിരിക്കുന്നത്.
യൂടൂബ് ചാനലുകൾ വഴി തന്നെ തിരിച്ചറിയുന്ന തരത്തിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും, ഫ്രാങ്കോയുടെ അനുയായികൾ നടത്തുന്ന ആക്ഷേപം തന്നെ മാനസികമായി തകർക്കുന്നുവെന്നും പരാതിയിൽ പറയുന്നു. കേസിൽ അന്വേഷണം മനഃപൂർവ്വം വൈകിക്കുകയാണെന്നും കന്യാസ്ത്രീ വനിതാ കമ്മീഷന് നൽകിയ പരാതിയിൽ ആരോപിക്കുന്നു.
അതേസമയം, കന്യാസ്ത്രീയുടെ പരാതിയിൽ നടപടി സ്വീകരിച്ച അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. എസ് ഐ മോഹൻദാസിനെയാണ് സ്ഥലം മാറ്റിയത്. കന്യാസ്ത്രീയുടെ പരാതിയിൽ, ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികൾ സ്വീകരിച്ചതിനാണ് കോട്ടയം ക്രൈംബ്രാഞ്ചിലേക്ക് എസ് ഐയെ സ്ഥലം മാറ്റിയത്.
കേസിൽ ഫ്രാങ്കോ മുളയ്ക്കൽ ജാമ്യത്തിൽ തുടരുകയാണ്. 2018 ജൂണിലാണ് ബിഷപ് ഫ്രാങ്കോയ്ക്കെതിരെ കന്യാസ്ത്രീ പരാതി നല്‍കിയത്. പൊലീസ് ജലന്ധറില്‍ എത്തി ബിഷപ്പിനെ ചോദ്യം ചെയ്തുവെങ്കിലും അന്വേഷണം മുന്നോട്ടുപോകാത്ത സാഹചര്യത്തില്‍ കന്യാസ്ത്രീകള്‍ സെപ്റ്റംബര്‍ എട്ടിന് വഞ്ചി സ്‌ക്വയറില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. ഇതോടെ 19ന് ബിഷപ്പിനെ ചോദ്യം ചെയ്യലിനായി പൊലീസ് വിളിച്ചുവരുത്തി. മൂന്നു ദിവസം നീണ്ട ചോദ്യം ചെയ്യലിനു ശേഷം 21ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മൂന്നാഴ്ചയ്ക്കു ശേഷം ഫ്രാങ്കോ ജാമ്യത്തിലിറങ്ങി.
Read More: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു
2014 മെയ് മാസം മുതല്‍ രണ്ട് വര്‍ഷത്തോളം ഒരോ മാസം ഇടവിട്ട് ബിഷപ്പ് കുറുവിലങ്ങാട്ടെ മഠത്തില്‍ എത്തി. ഇതിനിടെ 13 തവണ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീ ക്രൈം ബ്രാഞ്ചിനു നൽകിയ മൊഴി.
ബലാത്സംഗം നേരിട്ട കന്യാസ്ത്രീക്ക് വേണ്ടി കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീമാര്‍ സമരമിരുന്നതോടെ പൊതുസമൂഹവും പിന്തുണയുമായെത്തിയിരുന്നു. ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചി വഞ്ചി സ്‌ക്വയറിൽ പതിനഞ്ച് ദിവസമാണ് കന്യാസ്ത്രീമാര്‍ സമരം നടത്തിയത്.
ഇക്കഴിഞ്ഞ മെയിലായിരുന്നു കേസിൽ കുറ്റപത്രം സമർപ്പിച്ചത്. വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണു കേസിൽ കുറ്റപത്രം സമർപ്പിച്ചത്. കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ 83 സാക്ഷികളുമുണ്ട്. 25 കന്യാസ്ത്രീകള്‍, 11 വൈദികര്‍, മൂന്ന് ബിഷപ്പുമാര്‍, ഒരു ഡോക്ടര്‍ തുടങ്ങിയവരാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കുറ്റം തെളിയിക്കുന്ന 101 രേഖകളും കുറ്റപത്രത്തോടൊപ്പം ഉണ്ട്. ബിഷപ്പിൽ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്, ഇരയായ കന്യാസ്ത്രീയെ ഡോക്ടർ പരിശോധിച്ച റിപ്പോർട്ട് എന്നിവ കുറ്റപത്രത്തോടൊപ്പം കോടതിയിൽ സമർപ്പിച്ചിരുന്നു.