തിരുവനന്തപുരം: സംവിധായകന്‍ വിനയന് അപ്രഖ്യാപിത വിലക്കിട്ട സിനിമാ സംഘടനകളായ അമ്മയ്ക്കും ഫെഫ്കയ്ക്കും എതിരെ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ നടപടി. വിനയനെ വിലക്കിയ അമ്മയും ഫെഫ്കയും പിഴയടക്കണമെന്ന് കമ്മീഷന്‍ അറിയിച്ചു. അമ്മ നാല് ലക്ഷം രൂപയും, ഫെഫ്ക്ക 85,594 രൂപയും പിഴയായി അടക്കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു.

അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്, ഇടവേള ബാബു, സിബി മലയില്‍ ബി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പിഴയൊടുക്കണം. ഇന്നസെന്റ് 51000 രൂപയും സബി മലയില്‍ 61000 രൂപയും പിഴയൊടുക്കണം.

2008ല്‍ ആണ് താരസംഘടനയായ അമ്മയും ഫെഫ്കയോടും വിനയനെ പുറത്താക്കുന്നത്. ഇതേത്തുടര്‍ന്നാണ് വിനയന്‍ കോപംറ്റീഷന്‍ കമ്മീഷനെ സമീപിച്ചത്. തന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കുന്നില്ല. തന്റെ സിനിമയില്‍ സഹകരിക്കുന്നതില്‍ നിന്നും താരങ്ങള്‍ക്കും സാങ്കേതികവിദഗ്ധര്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിനയന്‍ പരാതി നല്‍കിയത്. കോപംറ്റീഷന്‍ കമ്മീഷന്‍ പരാതി ഫയലില്‍ സ്വീകരിക്കുകയായിരുന്നു.

ഫെഫ്ക കാണിച്ച ക്രൂരതയും പകപോക്കലും മറക്കാന്‍ മനസ്സാക്ഷിയുള്ളവര്‍ക്കാര്‍ക്കും കഴിയില്ലെന്നാണ് വിനയന്‍ വ്യക്തമാക്കിയത്. ഈ അനീതികള്‍ക്കെതിരെ താന്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ ഫയല്‍ ചെയ്ത കേസിന്റെ വിധി ഉടന്‍ വരുമെന്നും ഇതിന് മുന്‍കൈ എടുത്തവര്‍ കാലത്തിന്റെ മുന്നില്‍ മറുപടി പറയേണ്ടിവരുമെന്നും വിനയന്‍ നേരത്തേ പറഞ്ഞിരുന്നു. രാജ്യത്തെ അസോസിയഷനുകളുടെയും വിവിധ സംഘടനകളുടെയും പ്രവര്‍ത്തന രീതി പരിശോധിക്കാന്‍ രൂപവത്കരിച്ച കമ്മീഷനാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ