തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 സമൂഹവ്യാപനത്തിന്റെ വക്കിലാണെന്നും ഇപ്പോള്‍ രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

“കേരളത്തിൽ മൂന്നാംഘട്ട രോഗവ്യാപനമാണ് ഇപ്പോൾ നടക്കുന്നത്. വർഷാവസാനത്തോടെ മാത്രമേ രോഗനിയന്ത്രണം സാധ്യമാകൂ. മാസങ്ങളായി അത്യധ്വാനം ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കൊപ്പം സഹകരിക്കണം. പലരും ഈ മഹാമാരിയെ ഗൗരവമായി കാണുന്നില്ല. പലയിടത്തും രോഗവ്യാപനം രൂക്ഷമാകാൻ കാരണം ആളുകളുടെ ജാഗ്രത കുറവാണ്” മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read Also: സ്വപ്‌നയുടെ കോൾ ലിസ്റ്റിൽ കെ.ടി.ജലീലും; സ്‌ക്രീൻഷോട്ട് പുറത്തുവിട്ട് മന്ത്രി

അതേസമയം, രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലകളിലെ പ്രവർത്തനങ്ങളെ സഹായിക്കാൻ 14 ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. യുദ്ധകാല അടിസ്ഥാനത്തിൽ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളും റിവേഴ്സ് ക്വാറാന്റൈൻ സൗകര്യങ്ങളും ഒരുക്കുന്നതിന് ഈ ഓഫീസർമാർ സഹായം നൽകും.

അറുന്നൂറ് കടന്ന് രോഗികളുടെ എണ്ണം

കേരളത്തില്‍ കോവിഡ്-19 വ്യാപനം വർധിക്കുന്നു. ഇന്ന് പുതിയതായി 608 പേർക്കാണ്  കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനവാണിത്. 181 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. അതേസമയം സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.

Read Also: ഇന്ത്യയുടേയും നേപ്പാളിന്റേയും സൈന്യങ്ങള്‍ ഭായി ഭായി ആയതെങ്ങനെ?

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും സമ്പർക്കപട്ടികയിലുള്ളവരാണ്. 396 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 26 പേരുടെ ഉറവിടം അറിയാത്തത് ആശങ്ക വർധിപ്പിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 130 പേർ വിദേശത്ത് നിന്ന് എത്തിയവരും 68 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിലെ (ഐടിബിപി) 2 പേർക്കും രണ്ട് സിഎസ്എഫുകാർക്കും ഒരു ബിഎസ്എഫുകാർക്കും എട്ട് ആരോഗ്യ പ്രവർത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.