തിരുവനന്തപുരം: സർക്കാരും ഭരണസംവിധാനവും രണ്ടു തട്ടിലായതോടെ കുറഞ്ഞ ഭരണത്തിന്റെ വേഗത വർദ്ധിപ്പിക്കാൻ സി.പി.എം നേരിട്ടിറങ്ങുന്നു. കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസുമായി ബന്ധപ്പെട്ട് പിണങ്ങി നിൽക്കുന്ന സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ ഭാരവാഹികളെ എ.കെ.ജി. സെന്ററിലേക്ക് വിളിച്ചുവരുത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിഷയത്തിലെ നിലപാട് വ്യക്തമാക്കി. കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് നടപ്പിലാക്കുന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സംശയാതീതമായി കോടിയേരി പറഞ്ഞു.

കേരളത്തിന്റെ താത്പര്യത്തിന് കെ.എ.എസ് അനിവാര്യണെന്ന് ചൂണ്ടിക്കാട്ടിയ കാര്യത്തിൽ ഇക്കാര്യത്തിൽ സർക്കാരിനെ താറടിച്ച് കാണിക്കാനാണ് സെക്രട്ടേറിയേറ്റിലെ പ്രതിപക്ഷ സംഘടനകളും ചില ഘടക കക്ഷി സംഘടനകളും ശ്രമിക്കുന്നതെന്ന് പറഞ്ഞു. നിസ്സഹകരണം തുടർന്നാൽ നോക്കിനിൽക്കില്ലെന്ന കർശന മുന്നറിയിപ്പാണ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ളത്.

നൂറിലേറെ അംഗങ്ങളാണ് എ.കെ.ജി. സെന്ററിലെ യോഗത്തിൽ പങ്കെടുത്തത്. അതിനിടെ കെ.എ.എസുമായി ബന്ധപ്പെട്ട് സെക്രട്ടേറിയേറ്റിന് സമീപത്തെ കോഫി ഹൗസിന് മുന്നിൽ നടക്കുന്ന നിൽപ്പു സമരത്തിൽ പങ്കെടുത്തവരെ നടപടി എടുക്കാൻ തീരുമാനമായി. രാവിലെ ഓഫീസിലെത്തി ഒപ്പുവച്ച ശേഷം സമരത്തിന് പോയവരെ കണ്ടെത്താനും ശിക്ഷിക്കാനുമാണ് തീരുമാനം.

അതേസമയം ജേക്കബ് തോമസ് വിഷയത്തിൽ ഇടഞ്ഞ് നിൽക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ കാര്യത്തിൽ തീരുമാനമെടുക്കണമെന്ന മന്ത്രിമാരുടെ ആവശ്യത്തെ തുടർന്ന് മുഖ്യമന്ത്രി എല്ലാ വകുപ്പ് സെക്രട്ടറിമാരുടെയും യോഗം വിളിച്ചു. ഫയലുകൾ വച്ചു താമസിപ്പിച്ചാൽ മുഖം നോക്കാതെ കർശന നടപടിയെടുക്കുമെന്ന കാര്യം തന്നെയാണ് മുഖ്യമന്ത്രിയും ഇവരെ അറിയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.