തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെ ചുറ്റിപ്പറ്റി നിൽക്കുന്ന ചില അവതാരങ്ങൾ കേരളത്തിൽ പല കാര്യങ്ങളിലും തീരുമാനമെടുക്കുന്നതായി സി.പി.ഐ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ. സിനിമ ചർച്ചയിൽ എ.ഐ.ടി.യു.സി പ്രതിനിധികളെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ടായിരുന്നു വിമർശനം. സെക്രട്ടേറിയേറ്റ് സ്റ്റാഫ് അസോസിയേഷന്റെ കുട്ടികൃഷ്ണൻ, പി.ഒ വിജയൻ സ്മാരക പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽ.ഡി.എഫ് എന്നത് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും ഇടതുപക്ഷത്തിൽ നിന്ന് ജനം സുതാര്യമായ ഭരണമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിനിമ ചർച്ചയിൽ നിന്ന് എ.ഐ.ടി.യു.സി പ്രതിനിധികളെ ഒഴിവാക്കിയത് താൻ അറിഞ്ഞല്ലെന്നാണ് മന്ത്രി പറയുന്നത്. ഇക്കാര്യങ്ങൾ ആരാണ് പിന്നെ തീരുമാനിക്കുന്നതെന്നും അദ്ദേഹം ആരാഞ്ഞു. വിമർശനങ്ങളെ സ്വീകരിച്ച് യോജിച്ചുള്ള മുന്നോട്ട് പോക്കാണ് ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കണ്ണൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ടും പരോക്ഷമായ വിമർശനം സി.പി.എമ്മിനെതിരെ അദ്ദേഹം നടത്തി. കൊലപാതകം ഏഥ് സാഹചര്യത്തിലും അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ അദ്ദേഹം കണ്ണൂരിൽ കൊല നടത്തിയവരും മൃതശരീരം കലോത്സവ വേദിക്ക് അരികിലൂടെ കൊണ്ടുപോയവരും തെറ്റുകാരാണെന്നും ചൂണ്ടിക്കാട്ടി.