തിരുവനന്തപുരം: കേരള ലോ അക്കാദമി വിഷയത്തിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജനെതിരെ പന്ന്യൻ രവീന്ദ്രൻ രംഗത്ത്. സ്വന്തം പാർടി പത്രത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ എന്താണെന്ന് അറിയാമല്ലോ. അങ്ങിനെയുള്ളവർ ആദ്യം സ്വയം ചികിത്സിക്കട്ടെ പിന്നീട് മറ്റുള്ളവരെ ചികിത്സിക്കാം എന്നും അദ്ദേഹം പറഞ്ഞു. എഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പേജിൽ പുറത്തുവിട്ട തത്സമയ വീഡിയോ അഭിമുഖത്തിലാണ് പന്ന്യൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
“കേരള ലോ അക്കാദമി സമരം നീണ്ടു പോകുന്നതിലെ ഉത്തരവാദിത്തം ഭരിക്കുന്നവർക്കാണ്. വിദ്യാർത്ഥികളുടെ സമരം ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളത്. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ പ്രിൻസിപ്പലിനെ മാറ്റാനും പുതിയ പ്രിൻസിപ്പലിനെ നിയമിക്കാനും തീരുമാനിച്ചതാണ്. എസ്.എഫ്.ഐ അവരും മാനേജ്മെന്റുമായുണ്ടാക്കിയ കരാറിന്റെ ലംഘനമാണിതെന്ന് പറഞ്ഞതോടെയാണ് ചർച്ച അലസിയത്.”
“അവിടെ ബിജെപിക്കാർ സമരം ചെയ്യുന്നെങ്കിൽ കുറ്റം സി.പി.ഐ ക്കാർക്ക് അല്ല ആരോപിക്കേണ്ടത്. അതിന് കാരണക്കാർ ഇപ്പോൾ ഭരിക്കുന്നവരാണ്. സ്വന്തം വിദ്യാർത്ഥി സംഘടനയ്ക്ക് വേണ്ടി സമരത്തെ വളച്ചൊടിച്ചത് കൊണ്ടാണ് ബിജെപി വന്നത്. സി.പി.ഐ യെ കുറ്റം പറയേണ്ടതില്ല.”
“കുമ്മനം രാജശേഖരനും കോടിയേരി ബാലകൃഷ്ണനും തമ്മിൽ ഒരുമിച്ച് സംസാരിക്കുന്പോൾ ഞാൻ അവരുടെ അടുത്തുണ്ട്. അതിനർത്ഥം സി.പി.ഐ യും സി.പി.എമ്മും ബിജെപിയുമായി ബന്ധമുണ്ടെന്നല്ല. ബിജെപിയ്ക്കാരനോട് സംസാരിച്ചാൽ രാഷ്ട്രീയം മാറുമെന്ന് സ്വയം വിശ്വാസമില്ലാത്തത് കൊണ്ട് പറയുന്നതാണ്. അങ്ങിനെ മൂക്കുകയറിട്ട പോലെ നടക്കാനാവില്ല. ഏത് രാഷ്ട്രീയ നേതാവിനോടും സി.പി.ഐക്കാർ സംസാരിക്കും. സംസാരവും ആശയവിനിമയവും രണ്ടാണ്. ഭാര്യമാരോട് സംശയമുള്ള ചില ആളുകളുണ്ട്. സമാനമായ മാനസികാവസ്ഥയാണ് സി.പി.ഐ യും ബി.ജെ.പിയും തമ്മിൽ ബന്ധം ആരോപിക്കുന്നവർക്കും. സമരപ്പന്തലിൽ ആളുകളെ എത്തിച്ചതാരാണെന്ന് പരിശോധിക്കേണ്ടവർ പരിശോധിക്കും.”
“ലോ അക്കാദമിയിൽ ഞാൻ പോയത് ബി.ജി.പി യുടെ സമരപ്പനന്തലില്ല. എ.ഐ.എസ്.എഫ്, എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി എല്ലാവരും അന്ന് സമരം ചെയ്യുന്നുണ്ടായിരുന്നു. അവിടെ ചെന്നപ്പോൾ വി.മുരളീധരൻ നിരാഹാരം അനുഷ്ഠിക്കുന്നത് കണ്ട് അങ്ങോട്ട് പോയി. മുരളീധരനെ കാണാതെ അവിടെ നിന്ന് മടങ്ങാനാവില്ല. അത് മര്യാദയല്ല.”
“മുന്നണി സംവിധാനം കണ്ണിലെ കൃഷ്ണണി പോലെ കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് സി.പി.ഐക്കാർ. ഇത് പോലെയുള്ള കാര്യങ്ങളിൽ സർക്കാരിന് തെറ്റ് പറ്റിയാൽ ചൂണ്ടിക്കാണിക്കും. അത് തെറ്റല്ല. സുതാര്യമായ ഭരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഒരു തെറ്റ് പറ്റിയത് കൊണ്ട് ബംഗാളിൽ സംഭവിച്ചത് എന്താമെന്ന് നമുക്കെല്ലാം ബോധ്യമുണ്ട്.”
“കേരള ലോ അക്കാദമി ഭൂമിയുടെ പ്രശ്നത്തിൽ തന്നെ എന്താണ് തീരുമാമെനന്ന് സി.പി.ഐ യോട് ആളുകൾ ചോദിക്കുന്നുണ്ട്. വി.എസിന്റെ കത്തിന്റെ കാര്യത്തിലാണ് ഭൂമിയെ സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണം നടക്കുന്ന ഘട്ടത്തിൽ അന്വേഷണമേ ഇല്ലെന്ന് പറഞ്ഞാലോ. അങ്ങിനെ പറഞ്ഞപ്പോഴാണ് തെറ്റ് ചൂണ്ടിക്കാട്ടിയത്. ഇത് പറയാനുള്ള സന്ദർഭം ഉണ്ടാക്കിയതാരാണെന്ന് ആദ്യം ചിന്തിക്കണം.”
ലോ അക്കാദമി വിഷയത്തിൽ മാനേജ്മെന്റും എസ്.എഫ്.ഐ യും തമ്മിലുണ്ടാക്കിയ കരാറിന് നിയമാധുതയില്ലെന്ന കാര്യം അദ്ദേഹം ആവർത്തിച്ചു.