scorecardresearch
Latest News

കെ റെയില്‍: സിപിഐ നില്‍ക്കേണ്ടത് നീതിക്കൊപ്പം, കാനത്തെ ഓര്‍മിപ്പിച്ച് ആദ്യകാല നേതാക്കളുടെ മക്കള്‍

കെ റെയില്‍ വിഷയത്തില്‍ ജനവികാരം അവഗണിച്ച് സിപിഎം നിലപാടിനോടൊപ്പം നില്‍ക്കരുതെന്ന് ആവശ്യപ്പെടുന്ന കത്ത്, സിപിഐ നിലപാട് വ്യക്തമാവുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നു

Lokayuktha, CPI

തിരുവനന്തപുരം: കെ റെയില്‍ വിഷയത്തില്‍ ജനവികാരം അവഗണിച്ച് സിപിഎം നിലപാടിനോടൊപ്പം സിപിഐ നില്‍ക്കരുതെന്ന് മുന്‍കാല സമുന്നത കമ്യൂണിസ്റ്റ് നേതാക്കളുടെ മക്കള്‍. ആ ഇച്ഛാശക്തി സിപിഐ നേതൃത്വം കാണിക്കണമെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള തുറന്ന കത്തില്‍ 20 പേര്‍ ആവശ്യപ്പെട്ടു.

അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടര്‍ച്ചയായി തങ്ങളിപ്പോഴും പ്രതീക്ഷയോടെ കാണുന്ന സിപിഐയുടെ വര്‍ത്തമാനകാല അവസ്ഥയെക്കുറിച്ചുള്ള ആശങ്കയാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചതെന്നു പറഞ്ഞുകൊണ്ടാണ് കത്ത് തുടങ്ങുന്നത്. കെ റെയില്‍ വിഷയത്തില്‍ സിപിഐയുടെ നിലപാട് മനസിലാക്കാന്‍ കഴിയുന്നില്ലെന്നു കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

”കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെറ കാലത്തായാലും ഈ സര്‍ക്കാര്‍ ഭരണം തുടങ്ങിയശേഷവും നിര്‍ണായകമായ പല പ്രശ്‌നങ്ങളിലും ആവശ്യമായ സമയങ്ങളില്‍ എതിര്‍പ്പ് രേഖപ്പെടുത്താന്‍ സിപിഐ നേതൃത്വം തയാറായിരുന്നു. ലോകായുക്ത നിയമഭേദഗതിയുടെ കാര്യത്തില്‍ സിപിഐയുടെ നിലപാട് ശരിയുടെ ഭാഗസ്ഥത്തുനില്‍ക്കുന്നതാണ്. എന്നാല്‍ കെ റെയില്‍ വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് മനസിലാക്കാന്‍ കഴിയുന്നില്ല,” കത്തില്‍ പറയുന്നു.

”കെ റെയില്‍ പോലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ള ഒരു പ്രശ്‌നം വരുമ്പോള്‍ വിപുലമായ യാതൊരു ചര്‍ച്ചയും കൂടാതെ കൂടാതെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു നിലപാടെടുക്കുന്നതിനോട് യോജിക്കാന്‍ കഴിയുന്നില്ല. ജനവികാരം അവഗണിച്ചുള്ള സിപിഎം നിലപാടിനോടൊത്ത് നില്‍ക്കാന്‍ സിപിഐക്കു യാതൊരു ബാധ്യതയുമില്ല. നാടിന്റെ വികസനവുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങളില്‍ ഏതെങ്കിലും ജനവിരുദ്ധമാണെങ്കില്‍ മുന്‍കാലങ്ങളില്‍ ചെയ്തതുപോലെ, കെ റെയില്‍ വിഷയത്തിലും അത് തുറന്നുപറയാന്‍ കഴിയണം. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ വ്യക്തിത്വം നഷ്ടപ്പെടുത്തുന്ന രീതി ആവശ്യമില്ല. പ്രത്യേകിച്ച് ബംഗാളിന്റെ അനുഭവം മുന്നിലുള്ളപ്പോള്‍.”

Also Read: സില്‍വര്‍ലൈൻ സാമ്പത്തിക വളര്‍ച്ച വേഗത്തിലാക്കുമെന്നു മുഖ്യമന്ത്രി; വരേണ്യവര്‍ഗത്തിനു വേണ്ടിയെന്ന് പ്രതിപക്ഷ നേതാവ്

” ഞങ്ങളുടെ മാതാപിതാക്കള്‍ അടക്കമുള്ള പതിനായിരങ്ങള്‍ ജീവിതം കൊടുത്ത് പടുത്തുയര്‍ത്തിയ സിപിഐ ഇന്നത്തേതിലും മികച്ച രീതിയില്‍ മുന്നില്‍ നില്‍ക്കേണ്ട പ്രസ്ഥാനമാണെന്നതില്‍ തര്‍ക്കമില്ല. ആ ഇച്ഛാശക്തി കെ റെയില്‍ വിഷയത്തിലും കാണിക്കാന്‍ സിപിഐ നേതൃത്വം തയാറാകണം. മനസിലാക്കിയിടത്തോളം പലവിധത്തിലും കേരളത്തിന്റെ ഭാവിതാല്‍പ്പര്യങ്ങളെ പലവിധത്തില്‍ ഹനിക്കാന്‍ പോകുന്ന പദ്ധതിയാണിത്. പദ്ധതിക്കു പാര്‍ട്ടി നേതൃത്വം പച്ചക്കൊടി കാണിക്കുന്നതിനു മുന്‍പ് ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെളെ വിശകലനം ചെയ്ത് തുറന്നു സംസാരിക്കാന്‍ കഴിവുള്ള പ്രമുഖരായ സാമ്പത്തിക-സാമൂഹിക-പരിസ്ഥിതി വിദഗ്ധരെ വിളിച്ചുകൂട്ടി സമഗ്രമായ യോഗം നടത്തണം.”

മൂന്നു ലക്ഷം കോടി പൊതുകടമുള്ള സംസ്ഥാനത്തിനു താങ്ങാന്‍ കഴിയുന്നതിനുമപ്പുറമുള്ള സാമ്പത്തിക ബാധ്യത വരുത്തുന്നതും ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതും പാരിസ്ഥിതിക നാശം വരുത്തുന്നതുമായ സില്‍വര്‍ലൈന്‍ പോലുള്ള പദ്ധതിയാണോ കേരളരത്തിന് ആവശ്യമെന്ന ജനങ്ങളുടെ ചോദ്യത്തിന് തൃപ്തികരമായ മറുപടി നല്‍കാന്‍ നീതിയുടെ ഭാഗത്തുനിന്നു വ്യതിചലിക്കാതെ തയാറാവാണമെന്നും കത്തില്‍ അഭ്യര്‍ഥിക്കുന്നു.

സി അച്യുത മേനോന്റെ മകന്‍ ഡോ. വി രാമന്‍കുട്ടി, കെ ദാമോദരന്റെ മകന്‍ കെ പി ശശി, എംഎന്‍ ഗോവിന്ദന്‍ നായരുടെ മകള്‍ അംബിക നായര്‍, എന്‍ ഇ ബാലറാമിന്റെ മക്കളായ മേഘനാഥ് എന്‍ ഇ, അയിഷ ശശിധരന്‍, ശര്‍മാജിയുടെ മക്കളായ എസ് അനിത, എസ് ശാന്തി, എസ് അശോക്, എസ് ശങ്കര്‍, സി ഉണ്ണിരാജയുടെ മക്കളായ ശാരദ മൊഹന്തി, പി ബാബുരാജ്, കെ ഗോവിന്ദപ്പിള്ളയുടെ മകള്‍ ഡോ.കെജി താര, പിടി പുന്നൂസിന്റെയും റോസമ്മ പുന്നൂസിന്റെയും മക്കളായ ഡോ. തോമസ് പുന്നൂസ്, ഡോ. ഗീത പുന്നൂസ്, കെ മാധവന്റെ മകന്‍ ഡോ. അജയകുമാര്‍ കോടോത്ത്, പോടോര കുഞ്ഞിരാമന്‍ നായരുടെ മകന്‍ ഡോ. സത്യന്‍ പോടോര, പവനന്റെ മകന്‍ ഡോ. സി പി രാജേന്ദ്രന്‍, വി വി രാഘവന്റെ മകൾ പ്രൊഫ. സി വിമല, പുതുപ്പള്ളി രാഘവന്റെ മകള്‍ ഷീല രാഹുലന്‍, കാമ്പിശേരി കരുണാകരന്റെ മകൾ ഡോ. കെ ഉഷ എന്നിവരാണ് കത്ത് പുറപ്പെടുവിച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Communist leaders children calls upon cpi secretary kanam rajendran to rethink about k rail