കണ്ണൂര്‍: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് പുഞ്ചയിൽ നാണു അന്തരിച്ചു. 87 വയസായിരുന്നു. കണ്ണൂര്‍ തലശ്ശേരി ധര്‍മ്മടം സ്വദേശിയാണ്. അസുഖത്തെ തുടര്‍ന്ന് തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ ആറു മണിയോടെയായിരുന്നു അന്ത്യം.

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളായ പുഞ്ചയില്‍ നാണു സിഐടിയു സംസ്ഥാന സമിതിയംഗം, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, ചെത്തുതൊഴിലാളി യൂനിയന്‍(സിഐടിയു), സിപിഎം ജില്ലാ കമ്മിറ്റിയംഗം, തലശ്ശേരി ഏരിയാ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സംസ്കാരം വൈകിട്ട് നാല് മണിയ്ക്ക് കണ്ണൂർ പയ്യാമ്പലത്ത് നടക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ നിര്യാണത്തിൽ അനുശോചിച്ചു. പ്രതിസന്ധിഘട്ടങ്ങളിൽ പാർട്ടിയെ നയിക്കുന്നതിൽ അദ്ദേഹം ധീരമായ പങ്കുവഹിച്ചു. മുതിർന്ന ട്രേഡ് യൂണിയൻ നേതാവായിരുന്ന പുഞ്ചയിൽ തൊഴിലാളി പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. നിരവധി സമരമുഖങ്ങളിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹം തൊഴിലാളികളുടെയും അധ്വാനിക്കുന്നവരുടെ കൂടെ എന്നും നിലകൊണ്ടു. ജീവിതാവസാനം വരെ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹത്തിന്റെ നിര്യാണം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

ധര്‍മ്മടത്തെ സിപിഎം ചരിത്രത്തെക്കുറിച്ചു’ധര്‍മടം വില്ലേജും കമ്യൂണിസ്റ്റ് പ്രസ്ഥാനവും (1940-1990)’ പുസ്തകം രചിച്ചിട്ടുണ്ട്. 1932 മാര്‍ച്ച് രണ്ടിന് ധര്‍മടം മേലൂരിലെ കുഞ്ഞാപ്പുവിന്റെയും മന്ദിയുടെയും മകനായിട്ടായിരുന്നു ജനനം. ഭാര്യ: പി ടി വസന്ത. മക്കള്‍: ഷര്‍ളി പുഞ്ചയില്‍, പരേതനായ പുഞ്ചയില്‍ കനകരാജ്. മരുമക്കള്‍: വി മുകുന്ദന്‍, ബേബി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.