ആലപ്പുഴ: പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ അഞ്ച് പ്രതികളേയും ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് കോടതി പറഞ്ഞു. ക്രിമിനല്‍ ഗൂഢാലോചനയടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്.
വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫ് ആയിരുന്ന ലതീഷ് ബി ചന്ദ്രന്‍ അടക്കമുള്ളവര്‍ പ്രതിയായിരുന്ന കേസ് കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. എല്ലാ പ്രതികളും സിപിഎം പ്രവര്‍ത്തകരായിരുന്നു.
കമ്മ്യൂണിസ്റ്റ് ആചാര്യനായ പി കൃഷ്ണപിള്ളയുടെ കഞ്ഞിക്കുഴിയിലെ സ്മാരകം 2013 ഒക്ടോബര്‍ 31-നാണ് തകര്‍ത്തത്. അക്രമി സംഘം പുലര്‍ച്ചെ അദ്ദേഹത്തിന്റെ വീടിന് തീയിടുകയും പ്രതിമ തകര്‍ക്കുകയും ചെയ്തു.
Read Also: വിദ്യാഭ്യാസ നയം 2020: ആര്‍ എസ് എസിന്റെ ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കാതെ കേന്ദ്രം
ലതീഷ് ഒന്നാം പ്രതിയും കണ്ണര്‍കാട് മുന്‍ സിപിഎം ലോക്കല്‍ സെക്രട്ടറി പി സാബു, പാര്‍ട്ടി പ്രവര്‍ത്തകരായ ദീപു, രാജേഷ്, പ്രമോദ് എന്നിവരാണ് പ്രതികള്‍. ഇവരെ സിപിഎം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.
യുഡിഎഫ് ഭരണകാലത്ത് നടന്ന സംഭവം ലോക്കല്‍ പൊലീസ് അന്വേഷിച്ചുവെങ്കിലും പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. ആക്രമണം നടന്ന് ഒരു വര്‍ഷത്തിനുശേഷം കൈബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. 2016 എപ്രിലില്‍ കുറ്റപത്രവും സമര്‍പ്പിച്ചു.
സിപിഎമ്മിലെ വിഭാഗീയതയാണ് ആക്രമണത്തിന് കാരണമായതെന്നും ഔദ്യോഗിക പക്ഷത്തിന് സ്മാരകം സംരക്ഷിക്കാന്‍ കഴിയില്ലെന്ന് വരുത്താന്‍ വേണ്ടി സ്മാരകം തകര്‍ത്തുവെന്നും ക്രൈബ്രാഞ്ച് കണ്ടെത്തിയിരുന്നു.
കേസിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്ന് ലതീഷും സാബുവും മാധ്യമങ്ങളോട് പറഞ്ഞു. സിപിഎമ്മിനെ ആക്രമിക്കാന്‍ പ്രതികളാക്കിയെന്ന് പറഞ്ഞ അവര്‍ കോടതി വെറുതെ വിട്ട സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തിരികെ എടുക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന് കത്ത് നല്‍കുമെന്നും പറഞ്ഞു.
1948 ഓഗസ്റ്റ് 19-ന് ഒളിവില്‍ കഴിയവേ കൃഷ്ണപിള്ള പാമ്പ് കടിയേറ്റ് മരിച്ച വീടാണ് പിന്നീട് സ്മാരകമാക്കിയത്. 1937-ല്‍ കോഴിക്കോട് രൂപം കൊണ്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു കൃഷ്ണപിള്ള.