ആലപ്പുഴ: കേരള രാഷ്‌ട്രീയത്തിലെ ‘ധീരവനിത’ കെ.ആർ.ഗൗരിയമ്മ 102 ന്റെ നിറവിൽ. ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഗൗരിയമ്മയുടെ ഇത്തവണത്തെ പിറന്നാൾ. റിവേഴ്‌സ് ക്വാറന്റെെനിലാണ് ഗൗരിയമ്മ ഇപ്പോൾ. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ പുറത്തിറങ്ങുന്നില്ല, സന്ദർശകരും ഇല്ല. കഴിഞ്ഞ സെപ്റ്റംബറിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ കുറച്ചുനാൾ ചികിത്സ തേടിയതു മാത്രമാണ് വീടിനു പുറത്തേക്ക് അടുത്തകാലത്ത് നടത്തിയ യാത്ര.

ഗൗരിയമ്മയുടെ 101-ാം പിറന്നാൾ ആഘോഷം (ഫയൽ ചിത്രം)

1919 ജൂലൈ 14ന‌ാണ‌് ജനിച്ചതെങ്കിലും നാളനുസരിച്ച‌് മിഥുനത്തിലെ തിരുവോണത്തിലാണ് ഗൗരിയമ്മ പിറന്നാൾ ആഘോഷിക്കുന്നത‌്. ജാതീയമായ അസമത്വങ്ങളും ചൂഷണങ്ങളും ജന്മിത്വവും കൊടികുത്തി വാണിരുന്ന കാലത്ത്, ഇതൊന്നും ശരിയല്ലെന്ന് തിരിച്ചറിഞ്ഞ് അതിനെതിരെ പ്രതികരിക്കുകയും അതെല്ലാം ശരിയാക്കാൻ ഇറങ്ങിപ്പുറപ്പെടുകയും ചെയ്ത ഗൗരിയമ്മ കേരള രാഷ്ട്രീയത്തിൽ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി മാറുകയായിരുന്നു.

Read Also: തിരുവനന്തപുരം സ്വർണ്ണക്കടത്ത്: ഐടി സെക്രട്ടറിയെ മാറ്റിയേക്കും, സ്വപ്‌ന സുരേഷിനായി തെരച്ചിൽ

ലോകത്ത് തിരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ അംഗമായിരുന്ന കെ.ആര്‍.ഗൗരിയമ്മ ഭൂപരിഷ്‌കരണ നിയമമടക്കം നിയമസഭയില്‍ അവതരിപ്പിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്‌ത വ്യക്തിയാണ്. 1957, 1967, 1980, 1987 കാലത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ കെ.ആർ.ഗൗരിയമ്മ അംഗമായിരുന്നു. 1957 ലാണ് കമ്യൂണിസ്റ്റ് പാർട്ടി നേതാവും മന്ത്രിസഭയിലെ സഹ അംഗവുമായ ടി.വി.തോമസിനെ വിവാഹം കഴിക്കുന്നത്.

1964 ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്ന് സിപിഎം സ്ഥാപിക്കപ്പെട്ടപ്പോൾ കെ.ആർ.ഗൗരിയമ്മ സിപിഎമ്മിൽ ചേർന്നു. പിന്നീട് 1994ൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന ആരോപണത്തിന്റെ പേരിൽ സിപിഎമ്മില്‍ നിന്നും കെ.ആർ.ഗൗരിയമ്മയെ പുറത്താക്കി. ഇതേ തുടർന്ന് ജെഎസ്എസ് എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. പിന്നീട് ജെഎസ്എസ് യുഡിഎഫിന്റെ ഭാഗമാവുകയും 2001-06 കാലത്ത് എ.കെ.ആന്റണി, ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ പ്രധാന വകുപ്പുകളുടെ ചുമതല കെ.ആർ.ഗൗരിയമ്മ വഹിക്കുകയും ചെയ്‌തു. ഇപ്പോഴും തന്റേതായ രാഷ്ട്രീയ നിലപാടുകളിൽ ഉറച്ച് നിൽക്കുന്ന ഗൗരിയമ്മ കേരളത്തിലെ എല്ലാ രാഷ്‌ട്രീയ നേതാക്കളുമായും നല്ല ബന്ധം പുലർത്തുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹ വാർത്ത അറിഞ്ഞ് ഗൗരിയമ്മ നേരിട്ട് ആശംസ അറിയിച്ചിരുന്നു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.