കൊച്ചി: അടിയന്തര ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സിലെത്തിച്ച കുഞ്ഞിനെ ?ജിഹാദിയുടെ വിത്ത്’ എന്നുപറഞ്ഞ് അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ബിനില്‍ സോമസുന്ദരം അറസ്റ്റില്‍. ഇന്ന് രാവിലെ കൊച്ചി സെന്‍ട്രല്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പതിനഞ്ച് ദിവസം മാത്രംപ്രായമായ കുഞ്ഞിനെ ഹൃദയവാല്‍വിലുണ്ടായ ഗുരുതര തകരാറിനെ തുടര്‍ന്ന് മംഗാലപുരത്തെ ഡോ.മുള്ളേഴ്സ് ആശുപത്രിയില്‍ നിന്നും കൊച്ചി അമൃത ആശുപത്രിയിലെത്തിക്കുകയായിരുന്നു. ബിനില്‍ സോമസുന്ദരത്തിനെതിരെ 153-എ വകുപ്പ് പ്രകാരം മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനാണ് കേസെടുത്തത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം സൃഷ്ടിച്ച സംഭവത്തില്‍ കേസെടുത്തത്.

Read More: ആംബുലന്‍സില്‍ വരുന്നത് ‘ജിഹാദിയുടെ വിത്ത്’; പിഞ്ചുകുഞ്ഞിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ ഹിന്ദു രാഷ്ട്ര പ്രവര്‍ത്തകനെതിരെ പരാതി

അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ബിനില്‍ സോമസുന്ദരത്തിന്റെ വര്‍ഗീയ അധിക്ഷേപം കലര്‍ന്ന ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയത്. കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചതായി ശ്രീജിത്ത് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ബിനില്‍ ഒളിവില്‍ പോയിരുന്നു.

Read More: 15 ദിവസം പ്രായമായ കുഞ്ഞിന്റെ ശസ്ത്രക്രിയ അവസാനിച്ചു, ഇനിയുളള മണിക്കൂറുകൾ നിർണായകം

കഴിഞ്ഞ ദിവസമാണ് ബിനില്‍ സോമസുന്ദരം കുഞ്ഞിനെതിരെ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ‘കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി ‘സാനിയ-മിത്താഹ്’ ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്’ ഇങ്ങനെയായിരുന്നു ബിനില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ബിനിലിന്റെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ ഇയാള്‍ പോസ്റ്റ് പിന്‍വലിച്ചു. അതിനു ശേഷം തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തു എന്ന് ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തു.എന്നാല്‍, ഇതേ പോസ്റ്റ് ട്വിറ്ററിലും ഇയാള്‍ ഇട്ടിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും ട്വീറ്റ് പിന്‍വലിക്കാന്‍ മറന്നതോടെ ഇയാള്‍ വെട്ടിലാകുകയായിരുന്നു. ഹിന്ദു രാഷ്ട്ര സേവകനാണ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇയാള്‍ കടവൂര്‍ സ്വദേശിയാണെന്നാണ് അറിയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.