തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനമുണ്ടായതിന് പിന്നാലെ ശുദ്ധിക്രിയ നടത്തിയ തന്ത്രിക്ക് പട്ടികജാതി-പട്ടിക വർഗ കമ്മീഷന്റെ നോട്ടീസ്. കമ്മീഷൻ അംഗം എസ്.അജയകുമാർ ഫെയ്സ്ബുക്കിലൂടെയാണ് നോട്ടീസ് അയച്ച വിവരം അറിയിച്ചത്.
ശബരിമലയിൽ പ്രവേശിച്ച യുവതികളിൽ ഒരാൾ ദലിത് ആയതുകൊണ്ട് നടത്തിയ ശുദ്ധിക്രിയ അയിത്താചാരമായി കണക്കാക്കാവുന്നതാണെന്നും അതിനാലാണ് നോട്ടീസ് അയച്ചതെന്നും അജയകുമാർ വ്യക്തമാക്കി. ഈ മാസം 17ന് കമീഷന് മുമ്പാകെ ഹാജരാവാൻ തന്ത്രിക്ക് നിർദേശം നൽകിയിരുന്നു. അതിന് തയാറാകാത്തതിനാൽ തന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. തന്ത്രി നാട്ടിലെ ഭരണഘടനക്കും നിയമവ്യവസ്ഥക്കും അതീതനല്ലെന്നും കെ.അജയകുമാർ വ്യക്തമാക്കി.
‘ഒരു തന്ത്രിയും ഈ നാട്ടിലെ ഭരണഘടനക്കും നിയമ വ്യവസ്ഥക്കും അതീതരല്ല. ഭരണഘടനയ്ക്ക് മുകളിൽ പറക്കാൻ സവർണാധിപത്യത്തെ അനുവദിച്ചുകൂടാ. സമൂഹത്തിൽ ഇത്തരത്തിൽ ഉള്ള അയിത്താചാരവും ജാത്യാചാരവും ശക്തിയുക്തം എതിർക്കേണ്ടതാണ്. ഇത്തരം വിഷയങ്ങളിൽ സംസ്ഥാന പട്ടിക ജാതി – പട്ടിക വർഗ കമ്മീഷൻ ശക്തമായി ഇടപെടുന്നതായിരിക്കും,’ അജയകുമാര്‍ വ്യക്തമാക്കി. ശബരിമലയില്‍ ആദ്യം കയറിയ യുവതികളില്‍ ബിന്ദു ദളിത് യുവതിയായിരുന്നു. ദളിതരെ അധിക്ഷേപിക്കുന്ന നടപടിയാണ് തന്ത്രി ചെയ്തതെന്ന് നേരത്തേ ബിന്ദു ആരോപിച്ചിരുന്നുയ ഇത് ചൂണ്ടിക്കാട്ടി സുപ്രിംകോടതിയെ സമീപിക്കുമെന്നും ബിന്ദു വ്യക്തമാക്കിയിരുന്നു.