തിരുവനന്തപുരം: ആറ്റിങ്ങലില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ അപമാനിച്ച പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ ബാലനീതി വകുപ്പ് പ്രകാരം കേസെടുക്കാന്‍ ബാലാവകാശ കമ്മിഷന് ഉത്തരവ്. അപമാനത്തിനിരയായ കുട്ടിക്കുണ്ടായ മാനസികാഘാതം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ ബാലനീതി നിയമത്തിലെ 75-ാം വകുപ്പ് പ്രകാരം കേസെടുക്കാനാണു കമ്മിഷന് നിര്‍ദേശിച്ചിരിക്കുന്നത്. ഒരു കുട്ടിയെ മോഷ്ടാവായി ചിത്രീകരിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥ ശ്രമിച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്നു കമ്മിഷന് വ്യക്തമാക്കി. ഗുരുതരമായ കുറ്റം ചെയ്തിട്ടും ഉദ്യോഗസ്ഥയെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. സ്ഥലം മാറ്റം പൊലീസില്‍ അച്ചടക്കത്തിന്റെ ഭാഗമായ സ്വാഭാവിക നടപടിക്രമം മാത്രമാണ്. ഇത്തരം വീഴ്ചകളില്‍ കനത്ത ശിക്ഷാനടപടി തന്നെ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കുട്ടികളോടുള്ള പെരുമാറ്റം സംബന്ധിച്ച് പൊലീസ് സേനാംഗങ്ങള്‍ക്കു പ്രത്യേക പരിശീലനം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവ് നടപ്പാക്കി 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും കമ്മിഷന് ചെയര്മാന് കെവി മനോജ് കുമാര്‍ നിര്‍ദേശിച്ചു. പരാതിക്കാരായ യുവാവിനെയും മകളെയും ആരോപണവിധേയരെയും ബാലാവകാശ കമ്മിഷന് വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു ഉത്തരവുണ്ടായത്.
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ആറ്റിങ്ങല്‍ സ്വദേശിയായ ജയചന്ദ്രനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത അപമാനിച്ചത്. ഓഗസ്റ്റ് 27നായിരുന്നു സംഭവം. പിങ്ക് പൊലീസ് വാഹനത്തില്‍നിന്ന് തന്റെ മൊബൈല്‍ ഫോണ്‍ ആരോപിച്ചായിരുന്നു പൊലീസ് ഉദ്യോഗസ്ഥയുടെ നടപടി. ഐസ്ആര്‍എഒയുടെ തിരുവനന്തപുരം കേന്ദ്രത്തിലേക്കു കൂറ്റന്‍ ചേംബറുകളുമായി പോകുകയായിരുന്ന വാഹനങ്ങള്‍ കാണാന്‍ എത്തിയതായിരുന്നു ജയചന്ദ്രനും മകളും.
Also Read: പൊലീസ് പീഡനം: സംസ്ഥാനത്തെ ദൈവം രക്ഷിക്കട്ടേയെന്ന് ഹൈക്കോടതി
ഫോണ്‍ എടുത്തിട്ടില്ലെന്നു പറഞ്ഞിട്ടും യുവാവിനെയും മകളെയും പൊലീസ് ഉദ്യോഗസ്ഥ അവഹേളിക്കുകയും പരസ്യമായി വിചാരണ നടത്തുകയും ചെയ്തു. ജയചന്ദ്രന് മോഷ്ടിച്ചുവെന്നും തിരിച്ചുതരണമെന്നുമാണ് രജിത ആദ്യം പറഞ്ഞത്. താന്‍ എടുത്തിട്ടില്ലെന്നും ദേഹം പരിശോധിച്ചോളാനും ജയചന്ദ്രന് പറഞ്ഞതോടെ ഫോണ്‍ മകള്‍ക്കു കൈമാറിയെന്നും കുട്ടി അത് കുറ്റിക്കാട്ടിലേക്ക് എറിയുന്നതു താന്‍ കണ്ടുവെന്നുമായി രജിതയുടെ ആരോപണം.
ഫോണ്‍ തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് കുട്ടിയോടും രജിത മോശമായി പെരുമാറിയതായും ഇരുവരെയും സ്റ്റേഷനില്‍ കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയതായി ആരോപണമുയര്‍ന്നിരുന്നു. അതേസമയം, പിങ്ക് പട്രോളിന്റെ ഭാഗമായിരുന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥ കാറിന്റെ പുറകിലെ സീറ്റില്‍ വച്ചിരുന്ന രജിതയുടെ ബാഗില്‍ ഫോണ്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ സംഭവസ്ഥലത്തുകൂടിയവര്‍ രജിതയെ ചോദ്യം ചെയ്യുകയും ഇതിന്റെ വിഡിയോ പുറത്തുവരുകയും ചെയ്തു.
സെംഭവത്തില്, പൊലീസിനെതിരെ ഹൈക്കോടതി കഴിഞ്ഞദിവസം രൂക്ഷവിമര്‍ശമുയര്‍ത്തിയിരുന്നു. കുട്ടിയെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ എന്തുനടപടിയെടുത്തെന്ന് കോടതി ചോദിച്ചിരുന്നു. പൊലീസിനെതിരെ നടപടിയെടുക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ബാലിക സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമര്‍ശം.