കൊച്ചി: ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെ അപകടത്തില്‍ പെട്ട ഇന്ത്യന്‍ നാവികസേന കമാൻഡര്‍ അഭിലാഷ് ടോമിയുടെ പരുക്ക് ഗുരുതരമല്ലെന്ന് ഔഗ്യോഗിക അറിയിപ്പ്. നടുവിനേറ്റ പരുക്കില്‍ ഭയപ്പെടേണ്ടതായി ഒന്നുമില്ലെന്ന് ഇന്ത്യന്‍ നാവികസേന അറിയിച്ചു. അഭിലാഷ് ടോമി സംസാരിച്ചുവെന്നും ആഹാരം കഴിച്ചുവെന്നും ക്യാപ്റ്റന്‍ ഡികെ ശർമ്മ ട്വീറ്റ് ചെയ്തു. നിലവില്‍ ആംസ്റ്റര്‍ഡാമിലെ ദ്വീപിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഭിലാഷിനെ വിദഗ്ധ ചികിത്സയ്ക്കായി മൗറീഷ്യസിലേക്ക് മാറ്റിയേക്കും.

കഴിഞ്ഞദിവസം ഓസിരിസ് കപ്പലിനെ ബന്ധിപ്പിച്ച യാനങ്ങളിലാണ് അഭിലാഷ് ടോമിയ രക്ഷിച്ചത്. ഫ്രഞ്ചുകാരനായ ഡോക്ടറാണ് അഭിലാഷിനെ ചികിത്സിക്കുന്നത്. അഭിലാഷിനൊപ്പം അപകടത്തില്‍പ്പെട്ട ഐറിഷ് നാവികന്‍ ഗ്രിഗര്‍ മക്ഗുക്കും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്.

വിദഗ്ധ ചികിത്സയ്ക്കായി അഭിലാഷിനെ മൗറീഷ്യസിലേക്ക് മാറ്റുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. വ്യാഴാഴ്ച ഓസ്ട്രേലിയന്‍ നാവികസേനാ കപ്പലും ശനിയാഴ്ച ഇന്ത്യന്‍ നാവികസേനയുടെ കപ്പലും ന്യൂ ആംസ്റ്റര്‍ഡാം ദ്വീപില്‍ എത്തിച്ചേരും. വിദഗ്ധ ചികില്‍സയ്ക്കായി അഭിലാഷിനെ മൗറീഷ്യസിലേക്ക് മാറ്റുന്ന കാര്യത്തില്‍ അതിനുശേഷം മാത്രമേ തീരുമാനമെടുക്കൂ.

ആംസ്റ്റര്‍ഡാമിലേക്ക് നീങ്ങുന്ന ഐഎന്‍എസ് സത്പുരയില്‍ അഭിലാഷിനെ മൗറീഷ്യസിലെത്തിക്കുമെന്ന് നിര്‍മ്മല സീതാരാമന്‍ ട്വീറ്റ് ചെയ്തിരുന്നു. അഭിലാഷിന് ഏറ്റവും മികച്ച ചികിത്സ നല്‍കുന്നതിന് എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്ന് നാവികസേന അറിയിച്ചു.

ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെയാണ് മലയാളിയായ അഭിലാഷ് ടോമി അപകടത്തില്‍പ്പെട്ടത്. പായ് വഞ്ചിയുടെ തൂണ്‍ തകര്‍ന്നുവീണ് അഭിലാഷിന് ടോമിയുടെ നടുവിനാണ് പരുക്കേറ്റത്. അദ്ദേഹത്തിന് അനങ്ങാന്‍ സാധിക്കാത്ത നിലയിലായിരുന്നു. ഓസിരിസ് കപ്പലിലെ രണ്ട് ബോട്ടുകളിലാണ് രക്ഷാസംഘം അഭിലാഷിന് അടുത്തെത്തി രക്ഷപ്പെടുത്തിയത്. ബോട്ടില്‍വച്ച് അദ്ദേഹത്തിന് പ്രാഥമിക ചികില്‍സ നല്‍കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.